നഗരത്തില്‍ വീണ്ടും വൈദ്യുതി മുടക്കം
Monday, March 21, 2016 5:45 AM IST
ബംഗളൂരു: നഗരത്തില്‍ അപ്രഖ്യാപിത വൈദ്യുതി മുടക്കം വീണ്ടും. പലയിടങ്ങളിലും പകല്‍ ആറുമണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയായിരുന്നു പവര്‍കട്ട്. കനത്ത ചൂടിനിടെ വൈദ്യുതിമുടക്കം കൂടിയെത്തിയത് ജനങ്ങളെ വലച്ചു. പല ഓഫീസുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ജലക്ഷാമവും അറ്റകുറ്റപ്പണികളും മൂലമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയിക്കാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിനിടെ രണ്ടു തവണ വൈദ്യുതി നിലച്ചത് നിയമസഭയ്ക്കുള്ളിലും ചര്‍ച്ചയായിരുന്നു. ജനറേറ്ററും പ്രവര്‍ത്തനരഹിതമായതോടെ ബജറ്റ് പ്രസംഗം രണ്ടുമിനിറ്റോളം നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തുകയും ചെയ്തു.