ഹരീഷ് നഞ്ചപ്പ ഒരു വഴികാട്ടി
Tuesday, March 22, 2016 5:27 AM IST
വയലിലെ പുല്‍ച്ചെടികള്‍ക്കു സമാനമായ മനുഷ്യര്‍ ചുടുകാറ്റടിക്കുമ്പോള്‍ വാടിപ്പോകുന്നു എന്ന ബൈബിള്‍ വചനംപോലെ, നമ്മുടെ ഇടയിലുള്ള എത്രയോ മനുഷ്യര്‍ നമ്മുടേതായ ആധുനികജീവിതരീതികൊണ്േടാ മറ്റു കാരണങ്ങള്‍കൊണ്േടാ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് മറഞ്ഞുപോകുന്നു. കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അതില്‍ ചിലരെയെങ്കിലും നമ്മുടെ ഇടയിലുള്ള ചില സുമനസുകളുടെ കരുണയില്‍ അവയവദാനത്തിലൂടെ മാറ്റിവയ്ക്കപ്പെടുമ്പോള്‍ വാടിക്കരിഞ്ഞ ജീവിതങ്ങള്‍ വീണ്ടും തളിര്‍ക്കുകയും, ആ കുടുംബത്തില്‍ വീണ്ടും സന്തോഷത്തിന്റെ കിരണങ്ങള്‍ പൂവിടുകയും ചെയ്യുന്നു. മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുമ്പോഴും എന്റെ അവയവങ്ങള്‍കൊണ്ട് ഒരു ജീവിതമെങ്കിലും രക്ഷപ്പെടണമെന്ന് ചിന്തിക്കാന്‍ സാധിക്കുന്ന ഹരീഷ് നഞ്ചപ്പയെപ്പോലുള്ള നന്മനിറഞ്ഞവരും നമുക്ക് വഴികാട്ടികളായി, നമ്മുടെ മുന്‍പിലുണ്ട്.. അവയവങ്ങള്‍ മാറ്റി വയ്ക്കാന്‍, അവയവങ്ങള്‍ ലഭിക്കാതെ വളരെക്കാലം കാത്തിരുന്ന് മരണത്തിനു കീഴ്പ്പെടുന്ന അനേകരുടെ മധ്യേ, ഇവരൊക്കെയല്ലയോ യഥാര്‍ഥ സമരിയാക്കാര്‍. ഇന്നുവരെ കേട്ടിട്ടില്ലാത്ത ധീരനായ, മറ്റുള്ളവര്‍ക്ക് മാതൃകയായ ഹരീഷ് നഞ്ചപ്പയെ ആശുപത്രിയില്‍പോലും കൊണ്ടുപോകാന്‍ മെനക്കെടാതെ, സെല്‍ഫി എടുക്കാന്‍ മാത്രം ചുറ്റും കൂടിയ, കരുണയില്ലാത്തവരോട് എന്റെ അവയവങ്ങള്‍ ദാനം ചെയ്യൂ എന്നു നിലവിളിച്ച ധീരനായ ജീവന്റെ വില തിരിച്ചറിഞ്ഞ ഈ അവയവദാതാവ്.

ബംഗളൂരു പട്ടണത്തില്‍ 55 ലക്ഷം വാഹനങ്ങളും ഒരു കോടിയോളം വരുന്ന മനുഷ്യരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏകദേശം 4,500 ഓളം പേര്‍ അപകടങ്ങളില്‍ പരിക്കു പറ്റുകയും, പല അവയവങ്ങളും പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെടുകയും, 750 ഓളം പേര്‍ മരണത്തിനു കീഴടങ്ങുകയും, അതില്‍ 15 ശതമാനത്തോളം മസ്തിഷ്കമരണം സംഭവിച്ചു പോകുകയും ചെയ്യുന്നു. കുഴിച്ചുമൂടപ്പെടുന്ന ഈ അവയവങ്ങള്‍ മറ്റുള്ളവരുടെ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഉതകുന്ന രീതിയിലുള്ള പ്രചോദനത്തിന് സന്നദ്ധസംഘടനകള്‍ക്ക് സാധ്യമാകട്ടെയെന്നും ഭാഗഭാക്കുകളാകട്ടെയെന്നും ആശംസിക്കുന്നു. ആവശ്യക്കാര്‍ക്ക് അതു കൃത്യസമയത്ത് എത്തിച്ചുകൊടുക്കാന്‍ സാധിച്ചെങ്കില്‍ അതില്‍പരം കൃതാര്‍ഥത മറ്റെന്തിലാണ് കിട്ടുക.

സ്വന്തം അവയവങ്ങള്‍ ദാനം ചെയ്ത് മാതൃകയായ ചിറമേല്‍ അച്ചനും, ചിറ്റിലപ്പള്ളിയും, മരണത്തിനു കീഴടങ്ങിയ ഹരീഷ് നഞ്ചപ്പയും കാണിച്ചുതരുന്ന വഴികള്‍ നമുക്ക് മാതൃകതന്നെയാണ്. ഫാ. ജോര്‍ജ് കണ്ണന്താനം, വൈസ്മെന്‍ കേണല്‍ റപ്പായി തുടങ്ങിയവരെപ്പോലുള്ളവര്‍ മനുഷ്യത്വത്തിന്റെ വഴികളിലൂടെ നടന്നുകൊണ്ടിരിക്കുമ്പോള്‍ ആ ഉദ്യമത്തില്‍ അവരെ പ്രോത്സാഹിപ്പിക്കാനെങ്കിലും നമുക്കു ശ്രമിക്കാം. ദീപികയുടെ ഈ ഉദ്യമത്തിന് ആശംസകള്‍!

പി.എ. ഐസക് (ഡപ്യൂട്ടി ചീഫ് ട്രാഫിക് വാര്‍ഡന്‍ ബംഗളൂരു സിറ്റി പോലീസ് ട്രാഫിക് വാര്‍ഡന്‍ ഓര്‍ഗനൈസേഷന്‍,നോര്‍ത്ത് ട്രാഫിക് ഡിവിഷന്‍ ഇന്‍-ചാര്‍ജ്).