ഫോര്‍ ദ പീപ്പിള്‍
Tuesday, March 22, 2016 5:27 AM IST
വഴിവിളക്കുകള്‍-3 / തയാറാക്കിയത്: പ്രഫ. സെബാസ്റ്യന്‍ കോതനല്ലൂര്‍

24ഃ7 - ഏതു സമയവും എവിടെയും അത്യാവശ്യ സമയങ്ങളില്‍ സഹായ ഹസ്തവുമായി നാല്‍വര്‍ സംഘം. അവര്‍ അറിയപ്പെടുവാനാഗ്രഹിക്കുന്നത് സ്വന്തം പേരിലല്ല, പിന്നെയോ 'ഫോര്‍ ദ പീപ്പിള്‍'. ഒരു കാലത്ത് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടനയുടെ വേറിട്ട രീതിയാണത്രെ ഫോര്‍ ദ പീപ്പിളില്‍ എത്തിച്ചത്.

ഇത് അക്കാ ബിജു. ബംഗളൂരു നിവാസികള്‍ക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനാണ്. പ്രതികരണശേഷിയുടെ മൂര്‍ത്തീഭാവമാണത്രേ ഈ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അദ്ദേഹത്തിന്റെ ത്വര. ഏകോദര സഹോദരങ്ങളായി ചൈതന്യത്തോടെ മെറ്റി ഗ്രേസും രവിയും അയൂബും സന്തത സഹചാരികള്‍. ലക്ഷ്യം ഒന്നു മാത്രം, സാമൂഹിക സേവനം. രക്തദാനം, അപകടം, അപകടമരണം, വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ടവര്‍, അത്യാസന്നര്‍ ഇവയെല്ലാം ഇവരേത്തേടി അഞ്ചു വര്‍ഷമായെത്തുന്നു.

മൂന്നു മാസം മുമ്പ് ഓട്ടോറിക്ഷാ ഡ്രൈവറായി അച്യുതന്‍ അവിചാരിതമായി മരണാസന്നനായപ്പോള്‍ സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചു. ഇന്നും ഐസിയുവില്‍. ചിലവ് പത്തു ലക്ഷം കഴിഞ്ഞു. ഉദാരമതികളായവര്‍ ആശുപത്രിയുടെ അക്കൌണ്ടില്‍ നല്കുന്ന സഹായം കൊണ്ട് ആ ജീവന്‍ ഇന്നും നിലനില്‍ക്കുന്നു. ആതുരസേവനത്തില്‍ സെന്റ് ജോണ്‍സിന്റെ ഇത്തരുണത്തിലുള്ള സഹായം അനേകം പേര്‍ക്ക് ആശ്വാസമായതായി ബിജു. അതു പോലെ ആര്‍വിഎം ഫൌണ്േടഷന്റെ ഫോസ ആശുപത്രിയും.

വഴിവക്കില്‍ മരണാസന്നരായ പലരെയും ആരുടേയോ ഒരു ഫോണ്‍ കോളില്‍ രക്ഷിക്കാനാവുന്നത് ഒരു ലഹരിയായി ഇവര്‍ കാണുന്നു. കൃപാലയ വൃദ്ധസദനത്തിലെ ബാബുജി മരണാസന്നനായ അവസരത്തില്‍ വേണ്ടതെല്ലാം ചെയ്ത് അഞ്ചു ദിവസം കൂടി ജീവിപ്പിക്കാനായതും വഴിയോരത്ത് മരണാസന്നയായ വെങ്കിടമ്മയെ പരിചരിക്കാനായതും സംതൃപ്തി നല്കുന്നതായി ഇവര്‍ പറയുന്നു. സാധാരണക്കാര്‍ കേസ് ഭയന്ന് ഒഴിഞ്ഞു മാറുന്നിടത്ത് ഇവര്‍ക്ക് തുണയായുള്ളതോ ആഡുഗോഡി, മൈക്കോ ലേ-ഔട്ട്, മഡിവാള എന്നിവിടങ്ങളിലെ പോലീസുകാര്‍. ബോധവല്‍ക്കരണത്തിലൂടെ കൂടുതലാളുകള്‍ക്ക് ഇതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കുകളാകണമെന്നതാണ് ഇവരുടെ ആഗ്രഹം.

പരിചയമില്ലാത്തയിടങ്ങളില്‍ പോലീസ് പേടിപ്പിക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ റിട്ടയേര്‍ഡ് ഡിഎസ്പി നാഗരാജ് രക്ഷിക്കാനുണ്ടാവും. ഒപ്പം വിധാന്‍സൌധയിലെ ജാവിദ്, കെഎസ്ആര്‍ടിസിയുടെ സഹകരണം, ഇതെല്ലാം വലിയ ഭാഗ്യമായി ഇവര്‍ കരുതുന്നു. ചിക്കമംഗളൂര്‍, കനകപുര, ശിവാജി നഗര്‍ തുടങ്ങിയ വിദൂര സ്ഥലങ്ങളും ഇവരുടെ സേവനരംഗങ്ങളാണ്. പ്രതിനന്ദിയായി അവര്‍ക്ക് ലഭിക്കുന്നത് പുതുജീവന്റെ ഒരിറ്റുകണ്ണുനീര്‍. ഇത് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമല്ലാതെ മറ്റെന്ത്!

നാലു ദിവസമായി ശിവാജി നഗര്‍ മാര്‍ക്കറ്റില്‍ പുഴുവും ഈച്ചയും പിടിച്ച് ഭക്ഷണപ്പൊതികള്‍ക്കു നടുവില്‍ ട്രാഫിക്ക് പോലീസിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ അവശന്‍, ഹൊസൂര്‍ റോഡില്‍ ദേവസ്ഥാനത്ത് ആറമക്കള്‍ ഉപേക്ഷിച്ച അപ്പനും അമ്മയും... നീളുന്നു ആ ലിസ്റ്. സദാ സന്നദ്ധരായി നാല്‍വര്‍ സംഘമുള്ളത് അറിഞ്ഞ് അവസരം മുതലെടുക്കുന്നവരും കുറവല്ല. ഒരിക്കല്‍ വന്ന ഫോണ്‍കോള്‍ ' മക്കള്‍ തല്ലിച്ചതച്ചു വഴിയിലെറിഞ്ഞു, പോലീസില്‍ അറിയിക്കുക' എന്നു പറഞ്ഞതും കോള്‍ കട്ടായി.

ഇതേസമയം, യാതൊരു ചിലവും കൂടാതെ അഗതി മന്ദിരങ്ങളില്‍ രാപ്പാര്‍ക്കാമെന്നു കരുതുന്നവരും വിരളമല്ലത്രെ!. ചികിത്സയുടെ പേരില്‍ ആശുപത്രികളിലാക്കി ഉള്ള സമ്പാദ്യം തട്ടിയെടുക്കാന്‍ വേറൊരു കൂട്ടര്‍.

നൂറുരൂപ മുതല്‍ പതിനായിരങ്ങള്‍ വരെ സ്ഥിരമായി സഹായിക്കാന്‍ ഒട്ടനവധിയാളുകള്‍! ഈ ചിന്തയാണ് പുതിയ 'ഗശിറ ഒലമൃ' ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്കുന്നതെന്ന് ബിജു പറയുന്നു. എന്‍എസ് പാളയയിലെ തളര്‍ന്നുകിടക്കുന്ന ഒരു അച്ഛന്‍, മകളുടെ ശമ്പളമായ 13,000 രൂപയില്‍ 7,500 രൂപ വാടകയും നല്കണം. ജീവിത ച്ചെലവുകള്‍ക്കൊപ്പം ഫിസിയോതെറാപ്പിക്ക് വകയില്ല. ഇവര്‍ക്ക് വാടകയ്ക്കു വീടെടുത്തു നല്കി ചികിത്സിപ്പിക്കാനാണ് 'ഗശിറ ഒലമൃ' ന്റെ പുതിയ ലക്ഷ്യം.

കോറമംഗലയിലെ ആര്‍ക്കിടെക്ട് ജേക്കബ്, സുവര്‍ണ കര്‍ണാടകയുടെ രാജന്‍ ജേക്കബ്, സത്യന്‍ പുത്തൂര്‍, എല്‍ഐസി ഐസക്ക്, എസ്ജി പാളയയിലെ ജേക്കബ് തുടങ്ങിയ നീണ്ട നിര ഇവര്‍ക്ക് കരുത്തേകുന്നു.

ഒപ്പം ബിജുവിന്റെ ഭാര്യ ലേഖയും മക്കള്‍ എഡ്രിനും അലനും. സ്വന്തം ബിസിനസ് പോലും രണ്ടാമതാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ഇറങ്ങിയ മെറ്റി ഗ്രേസിനേയും അയൂബിനേയും രവിയേയും അവരുടെ കുടുംബത്തേയും ഏവരും ഒരു മാതൃകയാക്കിയിരുന്നെങ്കില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്. അക്കാ ബിജു. ഫോണ്‍ 9242965517.