എന്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കേണമേ...
Thursday, March 24, 2016 12:36 AM IST
നോമ്പുകാല ചിന്തകള്‍/ ഫാ, ബിനീഷ് മാങ്കുന്നേല്‍ സിഎസ്ടി (അസിസ്റന്റ് ഡയറക്ടര്‍, റിന്യൂവല്‍ റിട്രീറ്റ് സെന്റര്‍ ബംഗളൂരു)

ആത്മശോധനയുടെ തീവ്രവിചാരങ്ങളോടെ ഒരു വിശുദ്ധവാരം കൂടെ ആഗതമാകുകയാണ്. വിശുദ്ധവാരത്തിലെ ഓരോ ഇടവും ഓരോ വാക്കും ധ്യാനവിഷയങ്ങളാണ്. ഒരു വിശ്വാസി അനിവാര്യമായി കടന്നുപോകേണ്ട വിശ്വാസ അനുഭവത്തിന്റെ വിവിധ തലങ്ങളെ ഈ ദിനങ്ങള്‍ നമുക്കു മുമ്പില്‍ വരച്ചു കാട്ടുന്നു.

'ദാവീദിന്റെ പുത്രാ ഞങ്ങളെ രക്ഷിക്കണമേ' എന്നു നിലവിളിച്ചു കൊണ്ട് ഓശാന വിളികളാല്‍ മുഖരിതരായി തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും മരച്ചില്ലകള്‍ വിതറിയും യേശുവിനെ എതിരേറ്റ ജനത്തിന്റെ സ്മരണയിലാണ് വിശുദ്ധ വാരം ആരംഭിക്കുന്നത് എന്നത് തികച്ചും ചിന്തോദ്ദീപകമാണ്. ജീവിതത്തിന്റെ പച്ചപ്പുകളില്‍ ദൈവത്തെ മറന്ന് പാപത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ വിഹരിച്ച് ദൈവം നല്‍കിയ വിശുദ്ധിയുടെ വെള്ളവസ്ത്രം മലിനമാക്കി നിരാശയിലേക്ക് കൂപ്പുകുത്തിയ ജനത്തിന്റെ രക്ഷയ്ക്കായുള്ള തീവ്രദാഹമായിരുന്നു ഓശാന വിളികളില്‍ നിഴലിച്ചത്. അതിനാല്‍ അവര്‍ പാപത്തിന്റെ വസ്ത്രങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ അഴിച്ചു വച്ച് ദൈവകരുണയ്ക്കായി നിലവിളിച്ചു. മാമ്മോദീസാ വേളയില്‍ നമുക്ക് ലഭിച്ച വിശുദ്ധിയുടെ വെള്ളവസ്ത്രം പാപങ്ങളാല്‍ നാം മലിനമാക്കിയിട്ടുണ്െടങ്കില്‍ അവയെ നാം ദൈവത്തിനു മുമ്പില്‍ വിരിച്ചിടണം.

പാപത്തിന്റെ മേല്‍ അധികാരമുള്ള ദൈവപുത്രന്‍ അവയുടെ മേല്‍ നടന്ന് നഷ്ടമായ വെണ്‍മയും വിശുദ്ധിയും നമുക്ക് വീണ്ടും നല്‍കുവാന്‍, ദൈവം നല്‍കുന്ന രക്ഷയ്ക്കായി കാത്തിരിക്കുവാന്‍ ഓശാനത്തിരുനാള്‍ നമ്മെ ശക്തരാക്കണം. പെസഹാ ആത്യന്തികമായി മുറിയപ്പെടലിന്റെ അനുഭവമാണ്. ഓശാനയുടെ അനുഭവം സ്വന്തമാക്കി പാപത്തിന്റെ മേല്‍ വിജയം നേടിയവനെ സ്വയം മുറിയപ്പെടാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ കുടുംബത്തിനു വേണ്ടി, സമൂഹത്തിനു വേണ്ടി മുറിയപ്പെടാന്‍ നാം തയാറാകുന്നിടത്താണ് പെസഹാ അനുഭവം ജീവിതത്തിന്റെ ഭാഗമായി മാറുന്നത്. 'അപരര്‍ക്കായി മുറിക്കപ്പെടുന്നവരെ പരിപാലിക്കുന്ന ജീവന്റെ അപ്പം'എന്നാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വി. കുര്‍ബാനയെ വിശേഷിപ്പിക്കുന്നത്. നമ്മുടെ സമയം, ആരോഗ്യം, ജീവിതത്തിന്റെ നന്മകള്‍ ഒക്കെയും അപരര്‍ക്കായി പങ്കുവയ്ക്കാന്‍ നാം തയാറാകുമ്പോള്‍ അനുദിന ജീവിതത്തില്‍ പെസഹാ അനുഭവം ജീവിക്കുന്നവരായി നാം മാറുന്നു. ഈ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പാരമ്യതയാണ് കുരിശിലെ മരണം. സ്വയം മറന്നുപോലും മനുഷ്യരെ സ്നേഹിച്ച ദൈവപുത്രന്റെ മാതൃകയില്‍ സ്വയം ദാനമാകുവാന്‍ അതു നമ്മെ പ്രാപ്തരാക്കുന്നു.

ഇപ്രകാരം പാപത്തിന്‍മേല്‍ വിജയം നേടി ജീവിതത്തിന്റെ അള്‍ത്താരയില്‍ ആത്മദാനം ചെയ്യുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമ്മാനമാണ് ഉത്ഥാന അനുഭവം. കുരിശിന്റെ വഴിയില്‍ നാം ആവര്‍ത്തിക്കുന്ന പ്രാര്‍ഥനയാണ് 'പരി.ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമേ' എന്ന്. ഇനി മുതല്‍ ഈ പ്രാര്‍ഥന വെറും അധരവ്യായാമമായി ചുരുങ്ങാതെ ജീവിതത്തിന്റെ ദൃഢനിശ്ചയമായി തീരട്ടെ. യേശുവിനെപ്പോലെ മുറിക്കപ്പെടാന്‍, സ്വയം ഇല്ലായ്മ ചെയ്യാന്‍ അങ്ങനെ രക്ഷയുടെ അനുഭവം സകലര്‍ക്കും പ്രദാനം ചെയ്യാന്‍ നമ്മുടെ ജീവിതങ്ങളെയും നമുക്ക് ഒരുക്കാം. അപ്പോള്‍ വിശുദ്ധവാരം വെറും ആഘോഷം എന്നതിനപ്പുറം ജീവിതഗന്ധിയായ അനുഭവമായി മാറും.