പ്രയോജനപ്പെടുത്തുക; ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതികള്‍
Monday, March 28, 2016 6:00 AM IST
ഫിലിപ്പ് മാത്യു

ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നും സാധാരണയായി നമുക്കു ലഭിക്കുന്നതു വ്യക്തിഗത പോളിസികളാണ്. സമൂഹജീവികളായ നമ്മളില്‍ ഭൂരിഭാഗം ജനങ്ങളും ഏതെങ്കിലും ഒരു സാമൂഹിക, സാംസ്കാരിക, കായിക, സംഘടനകളില്‍ ഉള്‍പ്പെട്ടവരായിരിക്കും. അങ്ങനെയുള്ള നാം, നാം പ്രതിധാനം ചെയ്യുന്ന ഗ്രൂപ്പിലുള്ള എല്ലാവരെയും ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സില്‍ ചേരുമ്പോള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അഥവാ കവറേജ് ലഭിക്കാന്‍ സാധ്യതയുണ്ട്.

ഒരു സ്ഥാപനത്തിലെ അംഗങ്ങള്‍, ജീവനക്കാര്‍, സംഘടനയിലെ മെമ്പര്‍മാര്‍, സ്ഥാപനത്തിലെ ഓഹരി ഉടമകള്‍, ലോണ്‍ എടുത്തവര്‍, വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍, വരിക്കാര്‍ എന്നിങ്ങനെ നാനാ തുറകളില്‍ ഉള്ളവര്‍ ഉള്‍പ്പെടുന്നു.

സാധാരണയായി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ മൂന്നു തരം പോളിസികളാണ് ഉള്ളത്. മെഡി ക്ളെയിം ഇന്‍ഷ്വറന്‍സ്, അപകട ഇന്‍ഷ്വറന്‍സ്, ടേം ഇന്‍ഷ്വറന്‍സ് എന്നിവയാണ് ഈ മൂന്നുതരം പോളിസികള്‍. സാധാരണ വ്യക്തിഗത പോളിസികളില്‍ ആദ്യവര്‍ഷം തന്നെ നല്‍കാത്ത ആനുകൂല്യം നമുക്കു ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിലൂടെ ലഭിക്കത്തക്ക രീതിയില്‍ ചിട്ടപ്പെടുത്താവുന്ന വിധമാണ് ഗ്രൂപ്പ് മെഡി ക്ളെയിം പോളിസികള്‍ നല്‍കുന്നത്. ഉദാഹരണത്തിന്, നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചെലവുകള്‍, പ്രസവാനന്തര ചികിത്സകള്‍, വ്യക്തിഗത പോളിസികളില്‍ ആദ്യ വര്‍ഷത്തില്‍ കവര്‍ ചെയ്യാതിരുന്ന അസുഖങ്ങള്‍ എന്നിവയെയും ഉള്‍പ്പെടുത്തിയെടുക്കാന്‍ ഗ്രൂപ്പ് മെഡി ക്ളെയിം പോളിസികളില്‍ സാധിക്കും. സാധാരണയായി വ്യക്തിഗത പോളിസികളേക്കാള്‍ താരതമ്യേന കുറഞ്ഞ പ്രീമിയം ആയിരിക്കും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിന്റെ പ്രീമിയം. ഒരൊറ്റ പോളിസിയില്‍ മുഴുവന്‍ ഗ്രൂപ്പിലെ മെംബര്‍മാരെയും, കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഗ്രൂപ്പിലെ അംഗസംഖ്യ, ഇന്‍ഷ്വര്‍ ചെയ്യുന്നവരുടെ പ്രായം, ഇന്‍ഷ്വറന്‍സ് തുക, കവര്‍ ചെയ്യുന്ന റിസ്കുകള്‍ എന്നിവയ്ക്കനുസരിച്ചായിരിക്കും പ്രീമിയം തുക നിശ്ചയിക്കുക.

ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് ചികിത്സകള്‍ കവര്‍ ചെയ്യുന്ന ഉയര്‍ന്ന പ്രീമിയത്തോടുകൂടിയും ഇപ്പോള്‍ പോളിസികള്‍ ലഭിക്കുന്നതാണ്. 24 മണിക്കൂര്‍ ആശുപത്രിവാസം ആവശ്യമില്ലാത്ത ദന്തചികിത്സ, പ്രസവസംബന്ധമായ ചെലവുകള്‍, ലാബ് ടെസ്റുകള്‍, ഫാര്‍മസി ബില്ലുകള്‍ എന്നിവയൊക്കെയും ഇപ്പോള്‍ കവര്‍ ചെയ്യാവുന്നതാണ്. ക്രിട്ടിക്കല്‍ ഇല്‍നെസ്് കവറേജും ഉള്‍പ്പെടുത്താവുന്നതാണ്. സാധാരണ മെഡി ക്ളെയിമുകളില്‍ ഒഴിവാക്കപ്പെട്ട ഘടകങ്ങള്‍ കവര്‍ ചെയ്യാനും തൊഴില്‍ നഷ്ടം, ലോഡ് ഓഫ് പേ എന്നിവയാലുള്ള ചെലവുകള്‍ പരിഹരിക്കാനും ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍ സഹായിക്കും. കൂടുതല്‍ പ്രീമിയം കെട്ടണമെന്നു മാത്രം.

അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലയളവില്‍ ഇന്‍ഷ്വറന്‍സിന്റ പ്രസക്തി വളരെ വലുതാണ്. ചുരുങ്ങിയ ചെലവില്‍ ഇഷ്ടാനുസരണം റിസ്കുകള്‍ കവര്‍ ചെയ്ത് ഇന്‍ഷ്വര്‍ ചെയ്യാമെന്നതാണ് ഈ പോളിസിയുടെ ഏറ്റവും വലിയ ഗുണം. 18 വയസു മുതല്‍ 70 വയസു വരെയുള്ളവര്‍ക്ക് പ്രീമിയത്തില്‍ വ്യത്യാസം ഇല്ല.

അപകട മരണമാണ് അടിസ്ഥാനപരമായി കവര്‍ ചെയ്യുന്ന റിസ്ക്. ഇതിനു പുറമെ 20ഓളം റിസ്കുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുത്തതായി വേറെയുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിചെലവ്, അപകടം മൂലം ജോലിക്കെത്താനാവാത്ത ദിവസങ്ങളില്‍ ലഭ്യമാക്കുന്ന ബത്ത, ആംബുലന്‍സ് വാടക മുതലായവയാണ്. അടിസ്ഥാന റിസ്ക് കവര്‍ ചെയ്യുന്നതോടൊപ്പം നമുക്ക് അനുയോജ്യമായ മറ്റു റിസ്കുകള്‍ ചേര്‍ത്ത് ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സ് വാങ്ങാവുന്നതാണ്. സാധാരണയായി ഒരാളുടെ പ്രതിമാസവരുമാനത്തിന്റെ 100 ഇരട്ടി തുകയെങ്കിലും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം.

വരുമാനമുള്ളവര്‍, കടബാധ്യതയുള്ളവര്‍ എന്നിവര്‍ക്ക് ഏറ്റവും ലളിതമായി ചിലവ് കുറഞ്ഞ് ഇന്‍ഷ്വര്‍ ചെയ്യാന്‍ ഈ പോളിസിയിലൂടെ സാധ്യമാകുന്നു. ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ ഗ്രൂപ്പിന്റെ വലിപ്പമനുസരിച്ച് പ്രീമിയത്തില്‍ ഇളവ് ലഭിക്കും.

അപകടമരണത്തിനു പുറമെ സ്വാഭാവിക മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുന്ന പോളിസിയാണ് ഗ്രൂപ്പ് ടേം കവര്‍. മെഡിക്കല്‍ പരിശോധന ഇല്ലാതെ ഒരു ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളെയും ഇതുവഴി ഇന്‍ഷ്വര്‍ ചെയ്യാം. എന്നാല്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രായത്തിന്റെ ശരാശരിക്ക് അനുസൃതമായാണ് പ്രീമിയം നിശ്ചയിക്കുക. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്ത്, തിരിച്ചടയ്ക്കാനാവാതെ വായ്പയെടുത്ത ആള്‍ക്ക് മരണം സംഭവിച്ചാല്‍ ഈ പോളിസിയിലൂടെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ പോളിസിയിലൂടെ പറഞ്ഞ നിരക്കില്‍ ഇന്‍ഷ്വര്‍ ചെയ്യാനാകും. ലളിതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ഇതിനുളളത്.

ബംഗളൂരുവിലെ തിരക്കുപിടിച്ച ജീവിതസാഹചര്യത്തില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിന്റെ പ്രാധാന്യം ഏറി വരികയാണ്. ഇതിനായി സംഘടനകളോ ഇടവകകളോ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചാല്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ റിസ്കുകള്‍ കവര്‍ ചെയ്യാനും ധാരാളം ആള്‍ക്കാരെ ഇന്‍ഷ്വറന്‍സിന്റെ പരിരക്ഷയില്‍ കൊണ്ടുവരാനും സാധിക്കും.