ഇവിടം ഇവര്‍ക്കു സ്വര്‍ഗതുല്യം
Monday, March 28, 2016 6:01 AM IST
വഴിവിളക്കുകള്‍-4/ തയാറാക്കിയത്: പ്രഫ. സെബാസ്റ്യന്‍ കോതനല്ലൂര്‍

മാനുഷികതയുടെ മടിശീലയില്‍ താരാട്ടു കേട്ടുറങ്ങുവാന്‍ ഭാഗ്യം ലഭിച്ചതുകൊണ്ട് വല്ലായ്മയുടെ കാലം ഇനി ഇവര്‍ക്ക് അന്യം. വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ മക്കളെ പാതയോരങ്ങളില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ ബാല്യകാലാര്‍ദ്രത അനുഭവിച്ചിട്ടില്ലായിരിക്കാം. ശൈശവത്തിന്റെ ഗൃഹാതുരത്വം ഇവരുടെ മനസില്‍ നിന്നും മാഞ്ഞു പോകും. കാരണം ഇവര്‍ 'അനുഗ്രഹ ചില്‍ഡ്രന്‍സ് ഹോമി'ലാണ്.

ബംഗളൂരുവിലെ കര്‍മലാരാമില്‍ 'മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ 16 പെണ്‍കുട്ടികളാണ് സിസ്റ്റര്‍ സിസിലി കറുകയിലിന്റെ സംരക്ഷണത്തിലുളളത്. ഒപ്പം സിസ്റ്റര്‍ ആലീസിന്റേയും സിസ്റ്റര്‍ ജസ്റിയുടേയും സാന്നിധ്യവും സ്നേഹപരിചരണവും. ഇവ മാതൃസ്നേഹത്തിന്റെ പര്യായമായി ഇവര്‍ ഇവിടെ അനുഭവിക്കുന്നു.

ഫാ. സി.ജെ. വര്‍ക്കി കുഴികളം കുളത്തുവയലില്‍ 1962 സെപ്റ്റംബര്‍ എട്ടിനു സ്ഥാപിച്ച എംഎസ്എംഐ കോണ്‍ഗ്രിഗേഷന്‍ ജനറാള്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവറിന്റെ നിയന്ത്രണത്തിലും മാനന്തവാടി പ്രോവിന്‍ഷ്യല്‍ സിസ്റര്‍ സീനയുടെ പ്രോത്സാഹനത്തിലുമാണ് സിസ്റര്‍ സിസിലി 2013 ജൂണ്‍ 15ന് ഫാ. എഡ്വേര്‍ഡ് തോമസ് എസ്ഡിബിയുടെ നിര്‍ദേശപ്രകാരം ഈ ആശ്രമം സ്ഥാപിച്ചത്. ചെറുപ്പം മുതല്‍ മനസില്‍ താലോലിച്ച സാമൂഹിക നന്മ എന്ന സ്വപ്നം സഫലമായി - അതും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഒരനുഗ്രഹമായി!. ഇവര്‍ക്ക് ഈ സിസ്റ്റര്‍ ആനന്ദമയിയായ ഒരു അമ്മയാണ്.

ഈ അമ്മ ഒരാഴ്ചയായി വഴി നോക്കി ഇരിപ്പാണ്. സിസ്റ്റര്‍ ഹൊസ്പേട്ടില്‍ സ്ഥാപിച്ച ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് എട്ടു വര്‍ഷം മുമ്പ് കല്യാണം കഴിപ്പിച്ച് അയച്ച പുഷ്പയും കുടുംബവും ഈസ്ററിന് അവധിക്ക് ബംഗളൂരുവില്‍ വരുന്നതും കാത്ത്. അവര്‍ ഇസ്രയേലിലാണു ജോലി ചെയ്യുന്നത്. അനാഥയായ പുഷ്പയെ സനാഥയാക്കുവാന്‍ അന്ന് ഏറ്റുമാനൂരുള്ള സ്വന്തം അനുജത്തി പുഷ്പകത്ത് കാലായില്‍ സെബാസ്റ്യന്‍ മോള്‍ജിയുടെ വീട്ടില്‍ വച്ചാണ് വിവാഹം നടത്തിയത്. അന്ന് അവളുടെ ഭര്‍ത്താവില്‍ നിന്ന് ലഭിച്ച 'അമ്മായിയമ്മ പാതി' യില്‍ തയ്ച്ച സഭാവസ്ത്രം ഇന്നും മറക്കാനാവാത്ത മാതൃത്വത്തിന്റെ ഒരു പരിവേഷമത്രേ.

ഇനി സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ലക്ഷ്മിക്ക് ഒരു തുണയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു സിസ്റര്‍ സിസിലി. കോളജില്‍ പഠിക്കുന്ന കാലത്ത് ലക്ഷ്മി കൈവിട്ടു പോകുമോ എന്നു ഭയന്നുവെങ്കിലും സ്ഥാപകപിതാവിനോടുള്ള പ്രാര്‍ഥനയിലൂടെ ഇവള്‍ ഏറെ അനുഗ്രഹിക്കപ്പെട്ടത് സിസ്റ്ററിന്റെ മനസിന്് കൂടുതല്‍ സന്തോഷം നല്‍കുന്നു.

ഇപ്പോഴുള്ള 16 കുട്ടികളെ അടുത്തുള്ള ഐസി എസ്ഇ സ്കൂളിലാണ് പഠിപ്പിക്കുന്നത്. എല്ലാവര്‍ക്കും 90 ശതമാനത്തില്‍ അധികം മാര്‍ക്ക് സ്വന്തമാക്കുന്നു. ഇവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും സഹസ്ഥാപനമായ ലേഡീസ് ഹോസ്റ്റലില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രം. ഒപ്പം നല്ല മനുഷ്യര്‍ നീട്ടുന്ന സഹായഹസ്തവും. ചില നല്ല ആളുകള്‍ ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങളില്‍ ഈ മക്കളെ കൂടി പരിഗണിക്കുന്നത് ഏറെ അനുഗ്രഹമാകുന്നു. ഇനിയും കൂടുതല്‍ സഹായഹസ്തങ്ങള്‍ ഈ കുരുന്നുകള്‍ക്ക് ആലംബമായിരുന്നെങ്കില്‍!. ബന്ധപ്പെടേണ്ട നമ്പര്‍: 9448970569.