ചോദ്യപേപ്പര്‍ ചോര്‍ച്ച: സിഐഡി അന്വേഷണം ആരംഭിച്ചു
Wednesday, March 30, 2016 6:14 AM IST
ബംഗളൂരു: രണ്ടാം വര്‍ഷ പിയു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിഐഡി അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം മല്ലേശ്വരത്തെ പിയു ആസ്ഥാന ഓഫീസിലെത്തിയ തെളിവുകള്‍ ശേഖരിച്ചു. ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനായി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകര്‍, കോളജ് അധികൃതര്‍, പിയു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും സഹായം സിഐഡി തേടിയിട്ടുണ്ട്. കോലാര്‍ ജില്ലയിലെ 14 കോളജുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കോളജ് മേധാവികളോടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ സിഐഡി നിര്‍ദേശം നല്കിയിട്ടുണ്ട്.

മാര്‍ച്ച് 21നു നടന്ന കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറാണു ചോര്‍ന്നത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന്, കെമിസ്ട്രി പരീക്ഷ മാര്‍ച്ച് 31ലേക്കു മാറ്റിയിരുന്നു. നേരത്തെ, പുനഃപരീക്ഷ മാര്‍ച്ച് 29നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.