ബിഎംടിസി 658 ബസുകള്‍ വാങ്ങുന്നു
Monday, April 4, 2016 6:03 AM IST
ബംഗളൂരു: ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) ഈവര്‍ഷം 658 പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ 1,000 പുതിയ ബസുകള്‍ വാങ്ങുന്നതിനു ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടി ലഭിക്കുന്നതോടെ ഈവര്‍ഷം 1658 പുതിയ ബസുകളായിരിക്കും സര്‍വീസ് നടത്തുക.

2013-14 വര്‍ഷത്തില്‍ 838 ബസുകള്‍ ബിഎംടിസി വാങ്ങിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇത്രയും അധികം ബസുകള്‍ വാങ്ങുന്നത്. 2014-15 വര്‍ഷത്തില്‍ 197 ബസുകള്‍ വാങ്ങി. ഓര്‍ഡിനറി, എസി, മിനി ബസുകളാണ് വാങ്ങുന്നത്.

നിരവധി ബസുകള്‍ കാലപ്പഴക്കം മൂലം ഒഴിവാക്കിയതോടെയാണ് കൂടുതല്‍ ബസുകള്‍ വാങ്ങാന്‍ ബിഎംടിസി തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 554 ബസുകളാണ് ബിഎംടിസി കാലപ്പഴക്കവും മറ്റു കാരണങ്ങളും മൂലം നിരത്തില്‍ നിന്നു പിന്‍വലിച്ചത്.