ബംഗളൂരു രാജ്യത്തെ മൂന്നാമത്തെ ഹരിതനഗരം
Monday, April 4, 2016 6:05 AM IST
ബംഗളൂരു: രാജ്യത്തെ മൂന്നാമത്തെ ഹരിതനഗരമെന്ന അംഗീകാരം ബംഗളൂരുവിന്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൌണ്‍സില്‍ (ഐജിബിസി) നടത്തിയ സര്‍വേയിലാണ് ബംഗളൂരു മൂന്നാമതെത്തിയത്.

ഏറ്റവും കൂടുതല്‍ ഹരിത കെട്ടിടങ്ങളുള്ള രാജ്യത്തെ 25 നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ബംഗളൂരുവില്‍ ഐജിബിസിയുടെ കണക്കുകള്‍ പ്രകാരം രജിസ്റര്‍ ചെയ്ത 333 ഹരിത കെട്ടിടങ്ങളാണുള്ളത്.

ഇലക്ട്രോണിക് സിറ്റിയിലെയും സര്‍ജാപുരിലെയും വിപ്രോ ഓഫീസുകള്‍, റിംഗ് റോഡിലെ സിസ്കോ ഓഫീസ്, കെംപഗൌഡ അന്താരാഷ്ട്ര വിമാനത്താവളം, തുമകുരു റോഡിലെ ബംഗളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്റര്‍ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന ഹരിത കെട്ടിടങ്ങള്‍.

698 ഹരിത കെട്ടിടങ്ങളുമായി മുംബൈയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള പൂനയില്‍ 362 കെട്ടിടങ്ങളാണുള്ളത്. 321 കെട്ടിടങ്ങളുമായി ചെന്നൈയാണ് ബംഗളൂരുവിനു പിന്നില്‍ നാലാമത്.