ചോദ്യപേപ്പര്‍ ചോര്‍ച്ച: സംഭവം ആവര്‍ത്തിച്ചാല്‍ രാജിക്കു തയാറെന്ന് വിദ്യാഭ്യാസമന്ത്രി
Friday, April 8, 2016 5:47 AM IST
ബംഗളൂരു: രണ്ടാംവര്‍ഷ പ്രീയൂണിവേഴ്സിറ്റി കെമിസ്ട്രി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി കിമ്മണ്ണെ രത്നാകര്‍. ചോദ്യപേപ്പര്‍ ചോര്‍ച്ച ആവര്‍ത്തിച്ചാല്‍ രാജിവയ്ക്കാന്‍ വരെ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, പുനഃപരീക്ഷയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കിമ്മണ്ണെ രത്നാകര്‍ പറഞ്ഞു. ഏപ്രില്‍ 12നാണ് പുനഃപരീക്ഷ.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് മല്ലേശ്വരത്തെ പിയു ബോര്‍ഡ് ഓഫീസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും സമരം നടത്തുകയാണ്. രണ്ടുതവണ ചോദ്യപേപ്പര്‍ ചോര്‍ന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് അവര്‍ ആരോപിച്ചു. ചോര്‍ച്ചയുടെ പിന്നില്‍ പ്രീയൂണിവേഴ്സിറ്റി ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്െടന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധം നടത്തിയ നൂറുകണക്കിനു വിദ്യാര്‍ഥികളെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടു വിദ്യാര്‍ഥികളടക്കം ഇരുപതോളം പേരെ സിഐഡി കസ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യലിനു വിധേയരാക്കി.

സംസ്ഥാനത്ത് ഇതിനു മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലും ഇവര്‍ക്കു പങ്കുണ്െടന്നു കണ്െടത്തിയിട്ടുണ്ട്. മുന്‍ അധ്യാപകരും പിയു ഉദ്യോഗസ്ഥരും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു.