ഐപിഎല്‍: ബംഗളൂരു മത്സരത്തിനെതിരേ ഹര്‍ജി
Monday, April 11, 2016 5:50 AM IST
ബംഗളൂരു: സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കേ ബംഗളൂരു ചിന്നസ്വാമി സ്റേഡിയത്തില്‍ ഐപിഎല്‍ മത്സരം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ദിവാകറാണ് പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി നാളെ പുതുക്കി സമര്‍പ്പിക്കാന്‍ ഹൈക്കോടതി പരാതിക്കാരോട് ആവശ്യപ്പെട്ടു.

ഹര്‍ജിയില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ളയെ കക്ഷിചേര്‍ക്കാതിരുന്നതിനാലാണ് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

നേരത്തെ, മഹാരാഷ്ട്രയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരേ സമാനമായ രീതിയില്‍ ഹര്‍ജി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന്‍ ദിവാകര്‍ തീരുമാനിച്ചത്. ഐപിഎല്‍ മത്സരത്തിനായി സ്റേഡിയത്തില്‍ ലക്ഷക്കണക്കിനു ലിറ്റര്‍ ജലം ചെലവാക്കുകയാണെന്നും വരള്‍ച്ചയ്ക്കിടെ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്നും ബിസിസിഐയെ പിന്തിരിപ്പിക്കാനാണ് തന്റെ ലക്ഷ്യമെന്നും ദിവാകര്‍ പറഞ്ഞു.

ചൊവ്വാഴ്ച ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ചിന്നസ്വാമി സ്റേഡിയത്തിലെ ആദ്യമത്സരം.