അടുത്ത മുഖ്യമന്ത്രി ഞാന്‍ തന്നെ: യെദ്യൂരപ്പ
Wednesday, April 13, 2016 4:06 AM IST
ബംഗളൂരു: അടുത്ത കര്‍ണാടക മുഖ്യമന്ത്രി താനായിക്കുമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. 2018 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 150 സീറ്റുകള്‍ സ്വന്തമാക്കി അധികാരത്തിലെത്തുമെന്നും താന്‍ മുഖ്യമന്ത്രിയാകണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ബിജെപി അധ്യക്ഷനായി നിയമിതനായ സാഹചര്യത്തില്‍ ബംഗളൂരു ഡോളേഴ്സ് കോളനിയിലെ വസതിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.

ജനവികാരത്തെ മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കര്‍ണാടകയിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ചുമതല തന്നെ ഏല്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു, അവരുടെ പ്രതീക്ഷയ്ക്കൊത്തുയരേണ്ടത് തന്റെ കടമയാണ്. കോണ്‍ഗ്രസ് മുക്ത കര്‍ണാടകയാണ് തന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ കോണ്‍ഗ്രസ് മുക്തമാക്കുന്നതിന് ബിജെപി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈമാസം 15ന് യെദ്യൂരപ്പ ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. മുന്‍ അധ്യക്ഷന്‍ പ്രഹ്ളാദ് ജോഷിയുടെ കാലാവധി കഴിഞ്ഞ ഒക്ടോബറില്‍ അവസാനിച്ചിരുന്നു. 23 മുതല്‍ സംസ്ഥാനത്തെ വരള്‍ച്ചബാധിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.