ഡല്‍ഹിയില്‍ രണ്ടാംഘട്ട വാഹന നിയന്ത്രണം തുടങ്ങി
Friday, April 15, 2016 8:24 AM IST
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ രണ്ടാംഘട്ട വാഹന നിയന്ത്രണം തുടങ്ങി. ഏപ്രില്‍ 30 വരെയാണ് ഇതിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ വാഹനങ്ങളുടെ എണ്ണം നിരത്തുകളില്‍ കുറയ്ക്കാനായെന്നു ചൂണ്ടിക്കാട്ടിയാണ് രണ്ടാം ഘട്ട വാഹനനിയന്ത്രണത്തിന് അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒറ്റ അക്കങ്ങളുള്ള തീയതികളില്‍ ഒറ്റ അക്കത്തില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട അക്കത്തിലുള്ള തീയതിയില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കുമാണ് നിരത്തിലിറങ്ങാന്‍ അനുമതി. പ്രകൃതി വാതകം ഇന്ധനമാക്കിയതും (സിഎന്‍ജി) വനിതകള്‍ ഓടിക്കുന്ന ടാക്സികളെയും ഇരുചക്ര വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കു 2000 രൂപയാണു പിഴ.

ജനുവരി ഒന്നു മുതല്‍ 15 വരെ നടപ്പിലാക്കിയ ആദ്യഘട്ടത്തില്‍ 20 ശതമാനം വരെ തിരക്കു കുറയ്ക്കാനായെന്നാണ് കണക്കുകള്‍. എന്നാല്‍, അന്തരീക്ഷ മലിനീകരണം പ്രതീക്ഷച്ചതുപോലെ കുറയ്ക്കാനായില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ സ്കൂളുകള്‍ക്കു അവധി നല്‍കിയാണ് പരീക്ഷണം നടത്തിയതെങ്കില്‍ ഇത്തവണ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പമാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. യൂണിഫോം ധരിച്ച സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ ഇത്തവണ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളെ സ്കൂളിലാക്കിയതിനുശേഷം തിരികെ പോകുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയില്ലാത്തതും ശ്രദ്ധേയമാണ്.

പൂഛോ കാര്‍പൂള്‍ എന്ന ആപ്ളിക്കേഷന്‍ വഴി വിദ്യാര്‍ഥികളെ സഹായിക്കാനുള്ള മാര്‍ഗവും എഎപി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ ആപ്ളിക്കേഷന്‍ അധിഷ്ടിത ടാക്സികളെ മാത്രം പ്രോത്സാഹിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഓട്ടോ, ടാക്സി തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.