ഫോമ വെസ്റേണ്‍ റീജിയന്‍ കിക്ക് ഓഫ് ഏപ്രില്‍ 23-ന്
Tuesday, April 19, 2016 4:49 AM IST
സാന്‍ഫ്രാന്‍സിസ്കോ: ഫോമ വെസ്റേണ്‍ റീജണ്‍ കണ്‍വന്‍ഷന്‍ കിക്കോഫ് മീറ്റിംഗ് ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച്ച വൈകുന്നേരം മൂന്നിനു 'മങ്ക'യുടെ നേതൃത്വത്തില്‍ സാന്‍ ഹൊസെയില്‍ നടത്തപ്പെടുന്നതാണ്.

2016 ജൂലെ ഏഴുമുതല്‍ പത്തുവരെ മയാമിയില്‍ നടക്കാനിരിക്കുന്ന ഫോമയുടെ അഞ്ചാമതു അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി നാടാകെ നടന്നുകൊണ്ടിരിക്കുന്ന വിളംബരത്തിന്റെ ഭാഗമായാണു വെസ്റേണ്‍ റീജിയണ്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഫോമയുടെ ചരിത്രപരമായ ചാരിറ്റി പദ്ധതിയായ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജിയനല്‍ കാന്‍സര്‍ സെന്ററിന്റെ കെട്ടിടനിര്‍മാണ ഫണ്ടിലേക്കുള്ള ധനശേഖരണവും ഒപ്പം നടത്തപ്പെടുന്നതായിരിക്കും.

ഫോമയിലെ റീജിയനുകളില്‍ ഏറ്റവും വലിയ റീജിയനായ ഈ റീജണ്‍ എന്നും ഫോമയുടെ വളര്‍ച്ചയില്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. ഫോമയുടെ ദേശീയ നേതൃനിരയിലേക്കു കഴിവുറ്റ നേതാക്കളെ സംഭാവന ചെയ്യുന്ന റീജിയനെന്ന നിലയില്‍ വെസ്റേണ്‍ റീജണ്‍ തലയെടുപ്പോടെ നില്‍ക്കുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിയില്‍ ഫോമയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് ടോജോ തോമസ് അറിയിച്ചു.

സ്ഥാനമാനങ്ങള്‍ക്കായി തമ്മില്‍ തമ്മില്‍ മത്സരിക്കാതെ ഐക്യത്തിന്റെ പ്രതീകമായി ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഈ റീജണ്‍ എല്ലാവര്‍ക്കും ഒരു മാത്യകയാണ്. അനേകം സംസ്ഥാനങ്ങളിലായി പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മലയാളി കൂട്ടായ്മ്മയുടെ ഒരു കുടുംബ സംഗമമായിരിക്കും ഈ റീജിണല്‍ മീറ്റിംഗ്്് എന്നു ഫോമാ നാഷണല്‍ കമ്മിറ്റിയംഗം പന്തളം ബിജു തോമസ് പറഞ്ഞു.

ഇത്തവണത്തെ ഫോമയുടെ റീജിയനല്‍ കിക്കോഫ് മീറ്റിംഗ് ഗംഭീരവിജയമാക്കുവാന്‍വേണ്ടി 'മങ്ക'യുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നതായി പ്രസിഡന്റ്് ബെന്‍സി അലക്സും, സെക്രട്ടറി സിജോ പാറപ്പള്ളിയും അറിയിച്ചു.