ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റര്‍ വിഷു ആഘോഷവും
Tuesday, April 19, 2016 4:51 AM IST
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ മലയാളികളുടെ സംഘടനയായ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ഏപ്രില്‍ 11-നു വൈകുന്നേരം അഞ്ചു മുതല്‍ വെസ്റ് നയാക്കിലുള്ള ക്ളാര്‍ക്സ് ടൌണ്‍ റിഫോര്‍മ്ഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്ററും വിഷുവും സംയുക്തമായി ആഘോഷിച്ചു. കൊല്ലം പറവൂരിലെ ക്ഷേത്രത്തില്‍ ഉണ്ടായ ദുരന്ത സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ ആത്മാവിനു ശാന്തി നേര്‍ന്നുകൊണ്ട് മൌനപ്രാര്‍ഥനയോടെയാണു പരിപാടികള്‍ ആരംഭിച്ചത്.

വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം സെക്രട്ടറി അജിന്‍ ആന്റണിയുടെ ആമുഖ പ്രസംഗത്തോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. നേഹാ ജോ, ഭാരതത്തിന്റെയും അമേരിക്കയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചതിനെ തുടര്‍ന്നു കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍ മനോഹരമായി കണിയൊരുക്കി പ്രദര്‍ശിപ്പിക്കുകയുണ്ടായി. കാരണവവേഷത്തിലെത്തിയ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള വിഷു കൈനീട്ടം കുട്ടികള്‍ക്ക് നല്‍കി.

പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും വിഷുവിന്റെയും ഈസ്ററിന്റെയും ഭാവുകങ്ങള്‍ നേരുകയും ചെയ്തു. തുടര്‍ന്നു അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍, സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലില്‍, മുഖ്യാതിഥികളായ ഫാ. ബേബി മാത്യു , ഭഗവത്ഗീതാ പ്രചാരകന്‍ പ്രഫ. ഡോ. വിദ്യാ സാഗര്‍, ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ലെജിസ്ളേറ്റര്‍ ഡോ. ആനി പോള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ടു നിര്‍വഹിച്ചു.

ഹില്‍ബേണ്‍ സെന്റ് ജയിംസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി ഫാ. ബേബി മാത്യു ഈസ്റര്‍ സന്ദേശം നല്‍കി. മാനവ രാശിയുടെ പാപമോചനത്തിനായി സ്വജീവന്‍ ബലി നല്‍കിയ യേശുക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് തന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നതാണ് തന്റെ സന്ദേശത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞത്. കമ്മിറ്റി മെമ്പര്‍ കൂടിയായ സജി പോത്തന്‍ ആണു ഫാ. ബേബി മാത്യുവിനെ സദസിനു പരിചയപ്പെടുത്തിയത്.

വിഷു സന്ദേശം നല്കിയത് ഭഗവദ് ഗീതാ പ്രചാരകനായി ആദ്ധ്യാത്മജീവിതം നയിക്കുന്ന അദ്ദേഹം ഇംഗ്ളീഷ് സാഹിത്യത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും മാസ്റര്‍ ബിരുദം നേടി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രഫസറായി സേവനം അനുഷ്ഠിക്കുകയും തുടര്‍ന്ന് അമേരിക്കയിലെത്തി പി.എച്.ഡി. കരസ്ഥമാക്കി; ഇപ്പോള്‍ ബ്ളൈന്‍ഡ് ബ്രൂക്ക് ഡിസ്ട്രിക്റ്റ് ഹൈസ്കൂളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രഫ. ഡോ. വിദ്യാ സാഗര്‍ ആണ്. അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തിയത് ജയപ്രകാശ് നായരാണ്.

മണ്മറഞ്ഞ മഹാനായ കവി ഒഎന്‍വി കുറുപ്പിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭൂമിക്കൊരു ചരമ ഗീതം എന്ന കവിത, ശ്രുതിമധുരമായി സോനു നായര്‍ ആലപിച്ചു. നയന സുജിത്ത്, ആഷിത അലക്സ്, മാളവിക പണിക്കര്‍, ശില്പ രാധാകൃഷ്ണന്‍, സാറ പോത്തന്‍, മേഘ വര്‍ഗീസ്, സ്നേഹ വര്‍ഗീസ്, ഷാരന്‍ സജി, ക്രിസ്റീന്‍ ചെറിയാന്‍, സോണിയ മാത്യുസ് എന്നിവര്‍ മനോഹരങ്ങളായ നൃത്തങ്ങള്‍ അവതരിപ്പിച്ചു. നേഹ ജോ, വിദ്യാജ്യോതി മലയാളം സ്കൂളിലെ വിദ്യാര്‍ഥികള്‍, ജോമോന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

തമ്പി പനയ്ക്കലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ലഘുനാടകം പരിപാടികള്‍ക്ക് മിഴിവേകി. വിദ്യാ ജ്യോതി പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ, സ്കൂളിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം ക്ളാര്‍ക്സ്ടൌണ്‍ സ്കൂളില്‍ നടക്കുന്ന മലയാളം സ്കൂളില്‍ കുട്ടികളെ ചേര്‍ക്കണമെന്നും അഭ്യര്‍ഥിച്ചു.

ട്രസ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലി, ഫൊക്കാന നാഷണല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാനയുടെ നേതാവ് ടി.എസ്. ചാക്കോ, തമ്പി ചാക്കോ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

അകലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ സുപ്രസിദ്ധ നടന്‍ മണിയുടെ ഓര്‍മ്മകള്‍ അയവിറക്കികൊണ്ട്, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ലൈസി അലക്സ്, മീന തമ്പി എന്നിവര്‍ ചേര്‍ന്നു മണിയുടെ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചത് വളരെ ഹൃദ്യമായി. പിന്നണിയില്‍ തബല വായിച്ചുകൊണ്ട് രോഹിത് രാധാകൃഷ്ണന്‍ മണിമുഴക്കം എന്ന ഈ പരിപാടിക്കു മിഴിവേകി.

ജോയിന്റ് സെക്രട്ടറി മത്തായി പി. ദാസ് ഏവര്‍ക്കും കൃതജ്ഞത ആശംസിച്ചതോടെ പരിപാടികള്‍ക്കു തിരശീല വീണു. ഫിലിപ്പോസ് ഫിലിപ്പ്, അജിന്‍ ആന്റണി എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു. മെറ്റ് ലൈഫിന്റെ ജോര്‍ജ് ജോസഫും യുഎസ് ടാക്സ് സര്‍വീസിന്റെ ജോസഫ് കുരിയപ്പുറവും ആയിരുന്നു സ്പോണ്‍സര്‍മാര്‍. കോ-ഓര്‍ഡിനേറ്റര്‍മാരായി ഫിലിപ്പോസ് ഫിലിപ്പ്, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, മനോജ് അലക്സ്, സജി പോത്തന്‍, ജോര്‍ജ് താമരവേലില്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍