ദേശീയ നാടകോത്സവം 20 മുതല്‍
Tuesday, April 19, 2016 8:52 AM IST
ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നാടകങ്ങളെ ഉള്‍ക്കൊള്ളിച്ച് ബംഗളൂരുവില്‍ നടത്തുന്ന ദേശീയ നാടകോത്സവത്തിന് 20ന് തിരിതെളിയും. വസന്ത്നഗറിലെ ഗുരുനാനാക് ഭവനിലാണ് നാടകോത്സവം.

ഇരുപതിന് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാട് നാടകോത്സവം ഉദ്ഘാടനം ചെയ്യും. കര്‍ണാടക സാംസ്കാരിക മന്ത്രി ഉമാശ്രീ പങ്കെടുക്കും.

ഒമ്പതു ദിവസം നീണ്ടുനില്ക്കുന്ന നാടകോത്സവത്തില്‍ ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് നാടകങ്ങള്‍ വേദിയില്‍ അരങ്ങേറും. ഹിന്ദിയില്‍ നിന്നു നാലും കന്നഡയില്‍ നിന്നു മൂന്നും തമിഴ്, മലയാളം, തെലുങ്ക് എന്നിവയില്‍ നിന്ന് ഓരോ നാടകവും വീതമാണ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നു ടി.വി. കൊച്ചുബാവയുടെ കഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച 'ചരിത്രപുസ്തകത്തിലേക്ക് ഒരേട്' എന്ന നാടകം 29ന് അവതരിപ്പിക്കും.

ദിവസവും വൈകുന്നേരം ഏഴിനാണ് നാടകം ആരംഭിക്കുന്നത്. ഒരു ദിവസത്തേക്ക് 50 രൂപയാണ് പ്രവേശനഫീസ്. 400 രൂപയ്ക്ക് സീസണ്‍ ടിക്കറ്റും ലഭ്യമാണ്.