ഡാളസ് മലയാളി അസോസിയേഷന്‍ കലാരത്നം കെ.ജി.ജയനെ ആദരിച്ചു
Wednesday, April 20, 2016 5:07 AM IST
ഡാളസ്: പ്രമൂഖ കര്‍ണാട്ടിക് സംഗീതജ്ഞനും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും തമിഴ്, മലയാള ചലച്ചിത്ര, ഭക്തിഗാന, സംഗീത സംവിധായകനുമായ കലാരത്നം കെ.ജി. ജയനെ ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കരോള്‍ട്ടന്‍ അസ്റോറിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ്് ബിനോയി സെബാസ്റ്യന്‍ പ്രശംസാഫലകം നല്‍കി ആദരിച്ചു.

രാഗഭാവതാളനിബദ്ധമായ കര്‍ണാടക സംഗീതത്തിന്റെ സര്‍ഗാത്മകപരിധിയുടെ നിലപാടുകളില്‍ സ്വയം ലയിച്ചുകൊണ്ടു തന്നെ ചലച്ചിത്ര, ഭക്തിഗാനമേലഖകളില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച മഹാനായ സംഗീതജ്ഞനാണ് കെ.ജി.ജയന്‍ എന്ന് അദേഹം പറഞ്ഞു.

ആറര ദശാബ്ദത്തിലേറെയായി ദക്ഷിണേന്ത്യന്‍ ചലച്ചിത്രസംഗീതത്തിനും ഹൈന്ദവ ഭക്തിഗാനശാഖയ്ക്കും സര്‍ഗാത്മകവും സ്മരണാര്‍ഹവുമായ സംഭാവനകള്‍ സമര്‍പ്പിക്കുന്ന
സംഗീത സാമ്രാട്ട് ജയന്‍ ആയിരത്തിലധികം ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പതിനായിരത്തിലേറെ വേദികളില്‍ ഗാനാര്‍ച്ചന നടത്തിയിട്ടുള്ള അദേഹത്തിനു ഒരു നിറ ശിഷ്യസമ്പത്തുണ്ട്. അദേഹത്തിന്റെ മകനാണു മലയാള ചലച്ചത്ര നടന്‍ മനോജ് കെ. ജയന്‍. മറ്റൊരു മകന്‍ ബിജു ജയന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഗാനഗന്ധര്‍വന്‍ യേശുദാസ്, ഭാവഗായകന്‍ ജയചന്ദ്രന്‍, സുശീല, ചിത്ര, വാണീ ജയറാം തുടങ്ങി ഇന്‍ഡ്യന്‍ സംഗീതത്തിലെ പല പ്രമൂഖര്‍ക്കുമായി സംഗീതസംവിധാനം ചെയ്തിട്ടുള്ള ജയന്‍ കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചയ്ക്കായി ക്രിയാത്മകമായ പുതിയ അന്വേഷണങ്ങളും നടത്തിവരുന്നു.

ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ രാജു ചാമത്തില്‍, അസോസിയേഷന്‍ ട്രസ്റി അംഗം ബിജു തോമസ്, സെക്രട്ടറി സാം മത്തായി, മിഡീയ കോര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ, സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായ സജി നായര്‍, സുനില്‍ വര്‍ഗീസ് തുടങ്ങിയവര്‍
ചടങ്ങിനു നേതൃത്വമേകി.