പുതിയ കെപിസിസി അധ്യക്ഷന്‍ തെരഞ്ഞെടുപ്പിനു ശേഷം
Thursday, April 21, 2016 5:37 AM IST
ബംഗളൂരു: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കും.

നിലവിലെ കെപിസിസി അധ്യക്ഷന്‍ ആഭ്യന്തരമന്ത്രി കൂടിയായ ജി. പരമേശ്വരയുടെ കാലാവധി നേരത്തെ പൂര്‍ത്തിയായെങ്കിലും അദ്ദേഹത്തോട് തത്സ്ഥാനത്തു തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.

ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാര്‍, മുന്‍ കേന്ദ്രമന്ത്രിയും കോലാര്‍ എംപിയുമായ കെ.എച്ച്. മുനിയപ്പ, ഐടി മന്ത്രി എസ്.ആര്‍. പാട്ടീല്‍, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി അപ്പാജി നാഡഗൌഡ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ കണ്െടത്തുന്നതില്‍ ജാതിസമവാക്യങ്ങളും പ്രധാനഘടകമാകുമെന്നാണ് സൂചന. പ്രമുഖ ലിംഗായത്ത് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയെ ബിജെപി സംസ്ഥാനാധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് വൊക്കലിഗ, ദളിത് സമുദായങ്ങളില്‍പ്പെട്ടവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.