ഫാ. ആന്റണി ഒ.പ്രേമിന് ഭാരതത്തിന്റെ രത്നം പുരസ്കാരം
Thursday, April 21, 2016 5:37 AM IST
ബംഗളൂരു: ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റ് നല്കുന്ന 'ഭാരതത്തിന്റെ രത്നം' പുരസ്കാരം 'എക്കോ' സ്ഥാപകന്‍ ഫാ. ആന്റണി സെബാസ്റ്യന്‍ ഒ.പ്രേമിനു സമ്മാനിച്ചു.

ഒന്നര പതിറ്റാണ്ടായി തെരുവുകുട്ടികളുടെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെയും നിയമസഹായത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എക്കോയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ ഫാ. ആന്റണിയുടെ കര്‍മമണ്ഡലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം നല്കിയത്.

മാനന്തവാടി നോര്‍ബര്‍ട്ടൈന്‍ സഭാംഗമായ ഫാ. ആന്റണി സെബാസ്റ്യന്‍ കര്‍ണാടക സര്‍ക്കാരിന്റെ ആഭ്യന്തരസമിതിയിലും സൂക്ഷ്മപരിശോധനാ സമിതിയിലും അംഗമാണ്.

കൂടാതെ ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയംഗവും സാമൂഹിക കണക്കെടുപ്പ് സമിതിയംഗവുമാണ്. മുന്‍കാലങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'നമ്മ ബംഗളൂരു ബെസ്റ് സിറ്റിസണ്‍' പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.ഏകദേശം ആറായിരം കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിസാധ്യതയും നല്കിക്കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഫാ. ആന്റണിയുടെ എക്കോയ്ക്കു സാധിച്ചിട്ടുണ്ട്. 2000ല്‍ സ്ഥാപിതമായ എക്കോയുടെ സേവനങ്ങള്‍ ഇന്ന് സംസ്ഥാനത്തുടനീളം വ്യാപിച്ചുകഴിഞ്ഞു.

എക്കോ-സ്പര്‍ശ, എക്കോ സ്പെഷല്‍ ഹോം, എക്കോ ബാലഗ്രാമ, എക്കോ ഹാപ്പി കിഡ്സ്, എക്കോ നവോദയ തുടങ്ങിയ പദ്ധതികള്‍ പ്രധാന സേവനമാതൃകകളാണ്. കൂടാതെ ട്രാഫിക് പോലീസ് അസിസ്റ്റന്‍സ് പ്രോഗ്രാം, ഹോട്ടല്‍ മാനേജ്മെന്റ് സെന്റര്‍, സമൂഹാധിഷ്ഠിത പുനരധിവാസ പരിപാടി, ജുവനൈല്‍ പോലീസ് യൂണിറ്റ് മുതലായവയും എക്കോയുടെ മാത്രം സവിശേഷതയാണ്.