ബ്രോങ്ക്സ് ഫൊറോന ഇടവകയില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തി
Thursday, April 21, 2016 6:03 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകുവാന്‍ തയാറെടുക്കുന്ന യുവതി-യുവാക്കള്‍ക്കായി പ്രീമാര്യേജ് കോഴ്സ് നടത്തി.

ഒസിനിംഗിലുള്ള മരിയന്‍ഡെയില്‍ റിട്രീറ്റ് സെന്ററില്‍ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടന്ന ക്ളാസുകളില്‍ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകളില്‍നിന്നുമായി 35 യുവതീയുവാക്കള്‍ പങ്കെടുത്തു.

ഷിക്കാഗോ രൂപതയിലെ ഫാമിലി അപ്പസ്റലേറ്റ് നേരിട്ടാണു കോഴ്സുകള്‍ നടത്തുന്നത്. നാട്ടില്‍വച്ചോ വിദേശത്തുവച്ചോ വിവാഹിതരാകുവാന്‍ പോകുന്ന എല്ലാ കത്തോലിക്കാ യുവതീയുവാക്കളും കോഴ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ബെന്നി മുട്ടപ്പള്ളിലാണു കോഴ്സിന്റെ കോ-ഓര്‍ഡിനേറ്റര്‍.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ക്ളാസുകളില്‍ ഷിക്കാഗോ രൂപത ഫാമിലി അപ്പസ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്സ് ഫൊറോന ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കല്‍, റവ. ഡോ. ടോം വളയത്തില്‍, കാത്തി പട്ടേറ്റ്, ഷായിമോള്‍ കുമ്പിളുവേലി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകളെടുത്തു.

വിനു വാതപ്പള്ളി, ജോസ് ഞാറകുന്നേല്‍, മിനി മുട്ടപ്പള്ളി, സണ്ണി മാത്യു ഇലവുങ്കല്‍, കൊച്ചുറാണി സണ്ണി, ജോര്‍ജ് കൊക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി