ഓസ്ട്രേലിയയില്‍ ഒഐസിസികള്‍ ഒന്നായി
Friday, April 22, 2016 5:45 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഇരു വിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഒഐസിസികള്‍ ഒന്നായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഒഐസിസി നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, ഒഐസിസി മുന്‍ പ്രസിഡന്റും ഒഐസിസി ന്യൂസ് ചീഫ് എഡിറ്ററുമായ ജോസ് എം. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനമായത്.

ഇരുവിഭാഗവും ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിര്‍ദേശം ഇരുവിഭാഗവും അംഗീകരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും ഫെയ്സ് ബുക്ക്, ഫോണ്‍, സ്കൈപ്പ് തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും നാട്ടില്‍ പോകാന്‍ കഴിയുന്നവര്‍ നേരിട്ട് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും നാട്ടിലുള്ള ഒഐസിസി നാഷണല്‍ വൈസ് ചെയര്‍മാന്‍ ഹൈനസ് ബിനോയ് തെരഞ്ഞെടുപ്പു തീരുംവരെ നാട്ടില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഒഐസിസി നേതാക്കളായ മാര്‍ട്ടിന്‍ ഉറുമീസ്, സോബന്‍ തോമസ്, ജോര്‍ജ് തോമസ്, ജോസഫ് പീറ്റര്‍, പി.വി. ജിജേഷ്, ഡോ. ബിജു മാത്യു, ജോജി ജോണ്‍, ജോജി കാഞ്ഞിരപ്പള്ളി, അനില്‍ ജയിംസ്, ഫിന്നി മാത്യു, ജോമോന്‍ ജോസഫ്, സിബി കുര്യന്‍, മിന്‍സു സാമുവല്‍, ഷിജോ, ഷൈങ്കു ദേവസി, ടിജോ ജോസ്, ജസ്റിന്‍ ജയിംസ്, സിജോ ഏറ്റുമാനൂര്‍, അരുണ്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

വിക്ടോറിയയില്‍ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. മറ്റു സ്റേറ്റുകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് അതത് സ്റേറ്റിലെ പ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു സി.പി. സാജു പറഞ്ഞു.