റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതൃത്വം ട്രംപിനോടു കാണിക്കുന്നതു വഞ്ചന: വാള്‍മാര്‍ട്ട് മാംസ്
Friday, April 22, 2016 5:47 AM IST
വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിക്ക് പ്രസിഡന്റ് നോമിനേഷന്‍ നല്‍കണമെന്നു വാള്‍മാര്‍ട്ട് മാംസ് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതൃത്വം ട്രംപിനോടു വഞ്ചനയാണുകാണിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

ക്ളീവ്ലാന്റില്‍ നടക്കുന്ന റിപ്പബ്ളിക്കന്‍ കണ്‍വന്‍ഷനുമുമ്പ് പാര്‍ട്ടി നോമിനേഷന് ആവശ്യമായ (1237) ഡലിഗേറ്റുകളെ ലഭിച്ചില്ലെങ്കിലും കൂടുതല്‍ ഡെലിഗേറ്റുകളും കൂടുതല്‍ വോട്ടുകളും ആര്‍ക്ക് ലഭിക്കുന്നുവോ അവരെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നോമിനേറ്റ് ചെയ്യണമെന്നും ട്രംപിനെ ലക്ഷ്യംവച്ചുകൊണ്ടു ഇവര്‍ അഭിപ്രായപ്പെട്ടു.

ടെഡ് ക്രൂസിനാണെങ്കിലും ഈ വ്യവസ്ഥ ബാധകമാക്കണമെന്നും ഇവര്‍ പറയുന്നു.

പതിനെട്ടു വയസിനു താഴെയുള്ള ഒരു കുഞ്ഞിന്റെ മാതാവും സ്ഥിരമായി വാള്‍മാര്‍ട്ടില്‍നിന്നു ഷോപ്പിംഗ് നടത്തുന്നവരുമാണു വാള്‍മാര്‍ട്ട് മാംസ് എന്ന സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.

ന്യൂയോര്‍ക്ക് തെരഞ്ഞെടുപ്പില്‍ ട്രംപ് വന്‍വിജയം കരസ്ഥമാക്കിയെങ്കിലും റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഡെലിഗേറ്റുകളുടെ (1237) ആവശ്യമായ പിന്തുണ ലഭിക്കുവാന്‍ സാധ്യതയില്ലാത്തത് നോമിനേഷനെ പ്രതികൂലമായി ബാധിക്കും.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹില്ലരിയുടെ സ്ഥിതിയും ഇതില്‍നിന്നു വിഭിന്നമല്ല. 2383 ഡെലിഗേറ്റുകള്‍ ക്ളിന്റന് ലഭിക്കുമോ എന്നത് പ്രവചിക്കുക സാധ്യമല്ല. എന്നാല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതൃത്വം ഹില്ലരിക്ക് പിന്തുണ നല്‍കുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരിതന്നെ ആകുമെന്ന് ഉറപ്പാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍