ശരണം വിളിയുടെ ശംഖൊലിമുഴക്കിയ വിഷുപ്പുലരി
Saturday, April 23, 2016 2:12 AM IST
ഷിക്കാഗോ : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍കണിയൊരുക്കി ഗീതാമണ്ഡലം വിഷു ആഘോഷിച്ചു. ഏപ്രില്‍ 16-നു ശനിയഴ്ച രാവിലെ 6.30 മുഖ്യ താന്ത്രികന്‍ ശ്യാം ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ശുഭാരംഭം കുറിച്ച പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് ആനന്ത് പ്രഭാകര്‍ നേതൃത്വം നല്‍കി.

ഗണപതി ഹോമത്തിനുശേഷം പഞ്ചപുണ്യാഹം, രക്ഷാകലശം, വാസ്തുഹോമം, വാസ്തുപുണ്യാഹം, വരുണനെയും സപ്തനദികളെയും ജലദ്രോണിയില് ആവാഹിച്ച് ഭഗവാനെ ജലത്തില്‍ ശയനവസ്ഥയില്‍ ജലാധിവാസം. അതിനുശേഷം നാല്പാമരപ്പൊടി കൊണ്ട് കഴുകി, പുണ്യാഹ മന്ത്രം, ത്രിശുദ്ധി എന്നീ മന്ത്രങ്ങളും കൊണ്ട് ശുദ്ധി വരുത്തി അഷ്ട ദ്യ്രവ്യകലശം പൂജിച്ച് ആടി, അയ്യപ്പ മൂലമന്ത്രം 108 ഉരുവിട്ടു പൂജ നടത്തിയശേഷം മേല്‍ശാന്തി ഭട്ടതിരിപ്പാട് സ്ഥാപന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു.

ശിവ ഗുരുസ്വാമിയും പത്നി ബിന്ദു വിനയാകവും ആണ് ഏകദേശം 50 കിലോയോളം ഭാരമുള്ള പഞ്ചലൊഹനിര്‍മ്മിത അയ്യപ്പവിഗ്രഹം വഴിപാടായി സമര്‍പ്പിച്ചത്, അദ്ദേഹത്തിനോടും കുടുംബത്തോടുമുള്ള കൃതജ്ഞത തദവസരതില്‍ പ്രസിഡന്റ് ജയ് ചന്ദ്രന് രേഖപ്പെടുത്തി.

ഉച്ചക്ക് 1.30 -തോടു കൂടി സമാപിച്ച പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കുശേഷം അതിവിപുലമായ വിഷു ആഘോഷപരിപാടികളായിരുന്നു സംഘാടകര്‍ ഒരുക്കിയിരുന്നത്. മണി ചന്ദ്രന്‍ വിഷുക്കൈനീട്ടം നല്കി. ചരിത്ര ദിനവും വിഷു സദ്യയും വിജയകരം ആക്കാന്‍ ബൈജു എസ്. മേനോന്‍, രേഷ്മി ബാജു, പ്രസാദ്പിള്ള, അജി പിള്ള, നാരായണന്‍ കുട്ടപ്പന്‍, ബിജു കൃഷ്ണന്‍, അനിലാല്‍ ശ്ര്ീനിവാസന്‍, രമ നായര്‍, ആനന്ദ്പ്രഭാകര്‍ തുടങ്ങിയ നിരവധി പേര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു.

നിറഞ്ഞ മനസ്സോടെയും, ചാരിതാര്‍ത്യത്തോടെയും യാത്രപറഞ്ഞിറങ്ങിയ അംഗങ്ങള്‍ക്ക് ബൈജു എസ്. മേനോന്‍ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളും, സനാതനധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കുവാന്‍ ഗീതാമണ്ഡലം അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രശംസ ആര്‍ഹിക്കുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കിയത്: ബിജു കൃഷ്ണന്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം