വരള്‍ച്ചാ ദുരിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ യെദ്യൂരപ്പഎത്തുന്നത് കോടിയുടെ കാറില്‍
Saturday, April 23, 2016 4:14 AM IST
ബംഗളൂരു: ബിജെപി സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പുതിയ കാര്‍ വിവാദത്തില്‍. യെദ്യൂരപ്പ സംസ്ഥാനത്തെ വരള്‍ച്ചാ ദുരിതമേഖലകള്‍ സന്ദര്‍ശിക്കുന്നത് ഒരു കോടിയുടെ ആഡംബര കാറിലാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അധ്യക്ഷനായി സ്ഥാനമേറ്റ അന്ന് മുന്‍ വ്യവസായമന്ത്രി മുരുഗേഷ് ആര്‍. നിരാനി സമ്മാനിച്ചതാണ് കോടി രൂപ വിലമതിക്കുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ. ഈമാസം 24 മുതലാണ് യെദ്യൂരപ്പ വരള്‍ച്ചാബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്.

അതേസമയം, ആഡംബര കാര്‍ യാത്രയെ ന്യായീകരിച്ച് യെദ്യൂരപ്പ തന്നെ രംഗത്തുവന്നിട്ടുണ്ട്. വരള്‍ച്ചാബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ആഡംബര കാര്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും തനിക്ക് സുരക്ഷിതവും സുഖകരവുമായി യാത്ര ചെയ്യാന്‍ ഈ കാര്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. നിരാനി കാര്‍ യെദ്യൂരപ്പയ്ക്ക് താത്കാലികമായി നല്കിയതാണെന്ന് ബിജെപി വക്താവ് എസ്. പ്രകാശ് പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 70 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് ഏറെ വിവാദങ്ങള്‍ക്കു കാരണമായിരുന്നു. അന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷം വാച്ച് വിഷയം മുഖ്യമന്ത്രിക്കെതിരായ വലിയ ആയുധമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി അധ്യക്ഷന്‍ തന്നെ ആഡംബരകാര്‍ വിവാദത്തിലാകുന്നത്.