പുറ്റിംഗല്‍ വെടിക്കെട്ടുദുരന്തം: മാര്‍ത്തോമ സഭ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കി
Saturday, April 23, 2016 5:51 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ മാര്‍ത്തോമ സഭയിലെ ഇടവകകളില്‍നിന്നും ഏപ്രില്‍ 24നോ, അതിനടുത്ത ആഴ്ചയിലോ ലഭിക്കുന്ന ഒരാഴ്ചയിലെ മുഴുവന്‍ സ്തോത്രക്കാഴ്ചയും കൊല്ലം പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത.

കേരള സംസ്ഥാനത്തുണ്ടായ അത്യന്തം ദാരുണമായ അപകടത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും നല്‍കേണ്ടത് ക്രിസ്തീയ സാഹോദര്യത്തിന്റെ മാതൃകയായി എല്ലാവരും സ്വീകരിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസഹായം ചെയ്യുന്നതിന്റെ ഭാഗമായി സഭാജനങ്ങള്‍ ഉദാരമായ സംഭാവനകള്‍ നല്‍കി ഈ ദൌത്യത്തില്‍ പങ്കാളികളാകണമെന്ന് സര്‍ക്കുലറിലൂടെ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

ഉത്തരാഖണ്ഡിലുണ്ടായ മേഘസ്ഫോടനത്തില്‍ ബദരീനാഥ്കേദാരിനാഥ് ക്ഷേത്രസമീപമുള്ള കുഞ്ചേന്ദി ഗ്രാമത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്നതിനും ചെന്നൈ പ്രളയദുരിതബാധിതര്‍ക്കും സഭയായി സഹായം എത്തിച്ചുനല്‍കുന്നതിനും സഹകരിച്ച എല്ലാ ഇടവകാംഗങ്ങളേയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു.

പുറ്റിംഗല്‍ ക്ഷേത്രദുരന്തത്തില്‍ സഹായമെത്തിക്കുന്നതിന്റെ ആദ്യഘട്ടമായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയെ ഏല്പിച്ചതായി മെത്രാപ്പോലീത്താ അറിയിച്ചു. ഏപ്രില്‍ 24നോ അടുത്ത ആഴ്ചയിലോ ലഭിക്കുന്ന സ്തോത്രകാഴ്ച എത്രയും വേഗം സഭാ ഓഫീസില്‍ അടയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദൈവത്തിന്റെ മനുഷ്യമുഖം നമ്മിലും ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ മുഖങ്ങളിലും പ്രകാശിതമാക്കുവാന്‍ സഭ ഏറ്റെടുത്തിരിക്കുന്ന ദൌത്യം മുഖാന്തിരമായി തീരട്ടെ എന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ആശംസിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍