മകന്റെ വിവാഹദിനത്തില്‍ അഞ്ചു യുവതികള്‍ക്കു മംഗല്യസഹായം നല്‍കി സോണിയും ലവ്ലിയും
Saturday, April 23, 2016 11:32 AM IST
കോട്ടയം: കുറവിലങ്ങാട് വണ്ടനാംതടത്തില്‍ സോണിക്കും ഭാര്യ ലവ്ലിക്കും മകന്‍ ആല്‍വിന്റെ വിവാഹം ഒരു സ്വകാര്യകാര്യമായിരുന്നില്ല. ഏക പുത്രനൊപ്പം അഞ്ചു നിര്‍ധന യുവതികളുടെ വിവാഹത്തിനാവശ്യമായ സഹായംകൂടി ഒരുക്കുകയായിരുന്നു ഈ ദമ്പതികള്‍. ന്യുയോര്‍ക്കില്‍ ജോലിചെയ്യുന്ന ഇവര്‍ ന്യുയോര്‍ക്കില്‍ത്തന്നെ ജനിച്ചുവളര്‍ന്ന മകനു നാട്ടില്‍നിന്നു വിവാഹം വേണമെന്ന് ആഗ്രഹിച്ചു. ദീപികയുടെ ഞായറാഴ്ചത്തെ മാട്രിമോണിയല്‍ കോളത്തില്‍ പരസ്യം ചെയ്താണു വധുവിനെ കണ്െടത്തിയത്. എഫ്എസിടി ഡിജിഎം ആയ ചേര്‍ത്തല മറ്റപ്പള്ളി കുര്യാക്കോസിന്റെയും മിനിയുടെയും പുത്രി സെറിനാണു വധു.

കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്നചടങ്ങില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്സ് മണ്ണംപ്ളാക്കല്‍ വിവാഹം ആശീര്‍വദിച്ചു. വിവാഹം തീരുമാനിച്ച ഉടനേ ഏതാനും പേര്‍ക്കു വിവാഹസഹായം ചെയ്യാനുള്ള ആഗ്രഹം സോണിയും ലവ്ലിയും പ്രകടിപ്പിച്ചു. ദീപികയുടെയും കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, മെംബര്‍മാരായ മിനിമോള്‍ ജോര്‍ജ്, സജി ജോസഫ് തുടങ്ങിയവരുടെയും സഹായത്തോടെ ഗുണഭോക്താക്കളാകാനുള്ളവരെ കണ്െടത്തുകയായിരുന്നു. അഞ്ച് യുവതികള്‍ക്കുള്ള വിവാഹധനസഹായം വിവാഹസത്കാരവേളയില്‍ നവദമ്പതികള്‍ കൈമാറി.