സീറോ മലബാര്‍ ക്വിസ് മത്സരം: സെന്റ് ബര്‍ത്തലോമിയ വാര്‍ഡ് വീണ്ടും വിജയി
Monday, April 25, 2016 4:37 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏപ്രില്‍ 17-നു നടത്തിയ ക്വിസ് മത്സരത്തില്‍ സെന്റ് ബര്‍ത്തലോമിയ വാര്‍ഡ് വിജയിയായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഈ വാര്‍ഡിലെ കുട്ടികള്‍ അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിക്കുന്നത്. അമേരിക്കയിലെ എക്കാലത്തേയും പ്രിയപ്പെട്ട ക്വിസ് പരിപാടിയായ ജെപ്പടിയുടെ മാതൃകയില്‍ നടത്തപ്പെട്ട ഈ മത്സരത്തില്‍ വിവിധ പ്രാര്‍ത്ഥനാ വാര്‍ഡുകളെ പ്രതിനിധീകരിച്ചെത്തിയ കുഞ്ഞുങ്ങളുടെ ഉത്സാഹവും, അറിവും അഭിനന്ദനാര്‍ഹമായിരുന്നു.

അഭിമാനാര്‍ഹമായ ഈ വിജയത്തിന് അര്‍ഹരായ നിഖില്‍ പതിനഞ്ചില്‍പറമ്പില്‍, അലക്സ് തോപ്പില്‍, റിയാ ചിറയില്‍, ആല്‍ഫ്രഡ് നാഴിയംപാറ, അനീന മണവാളന്‍ എന്നീ കുഞ്ഞുങ്ങള്‍ക്ക് ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ട്രോഫികള്‍ നല്‍കി. പരേതയായ വത്മമ്മ മുണ്ടിയാനിക്കലിന്റെ സ്മരണാര്‍ത്ഥം സഹോദരന്‍ സാബു തടവനാല്‍ സ്പോണ്‍സര്‍ ചെയ്തതാണ് പ്രസ്തുത ട്രോഫി. അഗസ്റിന്‍ അച്ചന്‍ വിജയികളായ കുഞ്ഞുങ്ങളെ പ്രത്യേകം അനുമോദിച്ച് സംസാരിച്ചു. ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളും അഭിനന്ദനമര്‍ഹിക്കുന്നുവെന്നും, മതബോധന സ്കൂളിന്റെ ഈ സംരംഭം ഏറെ പ്രശംസനീയമാണെന്നും അച്ചന്‍ പറഞ്ഞു. വിജയികളായ കുട്ടികളുടെ മാതാപിതാക്കളായ ബിനു & തോമസ് പതിനഞ്ചില്‍പറമ്പില്‍, ദീപാ & മനീഷ് തോപ്പില്‍, ഷൈബി & ലൂക്ക് ചിറയില്‍, ജെസി & ജോസഫ് നാഴിയംപാറ, സിമി & ജെസ്റോ മണവാളന്‍ എന്നിവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയുണ്ടായി.

നെഹമിയായുടെ പുസ്തകം, കൊറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം, സീറോ മലബാര്‍ സഭാചരിത്രം, സീറോ മലബാര്‍ ആരാധനാക്രമം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍ തയാറാക്കിയിരുന്നത്. ക്വിസ് മാസ്ററായി ഭംഗിയായി ഈ മത്സരം നടത്തിയ ഓസ്റിന്‍ ലകായിലിനേയും, കൂടെ പ്രവര്‍ത്തിച്ച ടോം തോമസിനേയും പ്രത്യേകം ഏവരും അഭിനന്ദിച്ചു. മതബോധന സ്കൂള്‍ ഡയറക്ടര്‍ സി. ജസ്ലിന്‍ സി.എം.സി, അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ്, രജിസ്ട്രാല്‍ സോണി തേവലക്കര, റാണി കാപ്പന്‍ എന്നിവര്‍ ഈ മത്സരം വളരെ ചിട്ടയായി നടത്തുന്നതിനു നേതൃത്വം നല്‍കി. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം