നഗരത്തിന് നാടകദിനങ്ങള്‍
Tuesday, April 26, 2016 7:22 AM IST
ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നാടകങ്ങളെ ഉള്‍ക്കൊള്ളിച്ച് ബംഗളൂരുവില്‍ ദേശീയ നാടകോത്സവം ആരംഭിച്ചു. വസന്ത്നഗറിലെ ഗുരുനാനാക് ഭവനിലാണ് നാടകോത്സവം.

ഏപ്രില്‍ ഇരുപതിന് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാട് നാടകോത്സവം ഉദ്ഘാടനം ചെയ്തു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, കന്നഡ സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തിലാണ് പരിപാടി.

ഒമ്പതു ദിവസം നീണ്ടുനില്ക്കുന്ന നാടകോത്സവത്തില്‍ ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് നാടകങ്ങളാണ് വേദിയില്‍ അരങ്ങേറുന്നത്.

ഹിന്ദിയില്‍ നിന്നു നാലും കന്നഡയില്‍ നിന്നു മൂന്നും തമിഴ്, മലയാളം, തെലുങ്ക് എന്നിവയില്‍ നിന്ന് ഓരോ നാടകവും വീതമാണ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നു ടി.വി. കൊച്ചുബാവയുടെ കഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച 'ചരിത്രപുസ്തകത്തിലേക്ക് ഒരേട്' എന്ന നാടകം 29ന് അവതരിപ്പിക്കും. ദിവസവും വൈകുന്നേരം ഏഴിനാണ് നാടകം ആരംഭിക്കുന്നത്. ഒരു ദിവസത്തിന് 50 രൂപയാണ് പ്രവേശനഫീസ്. 400 രൂപയ്ക്ക് സീസണ്‍ ടിക്കറ്റും ലഭ്യമാണ്.