ഇ-മാലിന്യം: ബംഗളൂരു മൂന്നാം സ്ഥാനത്ത്
Tuesday, April 26, 2016 7:23 AM IST
ബംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക് മാലിന്യം ഉണ്ടാ ക്കുന്ന നഗരങ്ങളില്‍ ബംഗളൂരു മൂന്നാം സ്ഥാനത്ത്.

അസോചം നടത്തിയ പഠനത്തില്‍ ബംഗളൂരുവില്‍ ഒരു വര്‍ഷം 92,000 മെട്രിക് ടണ്‍ ഇ-മാലിന്യം ഉണ്ടാകുന്നതായി കണ്െടത്തി. ഇവയില്‍ 70 ശതമാനം മാലിന്യങ്ങളും വരുന്നത് വ്യാവസായിക മേഖലകളില്‍ നിന്നാണ്.

ഗാര്‍ഹിക മാലിന്യം 15 ശതമാനം മാത്രമാണെന്നും പഠനം വ്യക്തമാക്കുന്നു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ വേണ്ടവിധം സംസ്കരിക്കാനോ മാലിന്യനിക്ഷേപം നിയന്ത്രിക്കാനോ അധികൃതര്‍ക്കു കഴിയാത്തതാണ് നഗരത്തില്‍ ഇ-മാലിന്യങ്ങളുടെ അളവു കൂടാന്‍ കാരണം.

കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും മറ്റ് ഉപകരണങ്ങളുടെയും മാലിന്യങ്ങളാണ് ഇവയില്‍ കൂടുതലായും. ഇവയിലടങ്ങിയിരിക്കുന്ന ലെഡ് അടക്കമുള്ള അപകടകാരികളായ മൂലകങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവയ്ക്കും. ശരീരത്തില്‍ ലെഡ് ചെറിയ അളവില്‍ പോലും പ്രവേശിച്ചാല്‍ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കുമെന്നും അസോചം ഹെല്‍ത്ത് കമ്മിറ്റി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇ-മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് മുംബൈയിലാണ്. 1,20,000 മെട്രിക് ടണ്‍ മാലിന്യമാണ് ഇവിടെ തള്ളുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 98,000 മെട്രിക് ടണ്‍ ഇ-മാലിന്യമാണുള്ളത്. ചെന്നൈ (67,000), കോല്‍ക്കത്ത (55,000), അഹമ്മദാബാദ് (36,000), ഹൈദരാബാദ് (32,000), പൂന (25,000) എന്നീ നഗരങ്ങളാണ് ബംഗളൂരുവിനു പിന്നിലുള്ളത്. രാജ്യത്ത് ഒരു വര്‍ഷം 18.5 ലക്ഷം മെട്രിക് ടണ്‍ ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്െടന്നാണ് കണക്ക്.