കെസിവൈഎല്‍ ഹോളി 2016 സമാപിച്ചു
Wednesday, April 27, 2016 5:47 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെല്‍ബണ്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവതിയുവാക്കള്‍ക്കായി നടത്തിയ ഹോളി 2016 വിജയകരമായി പൂര്‍ത്തിയായി.

മെല്‍ബണിലെ ക്ളയിറ്റണ്‍ നവചിത്ര പാര്‍ക്കില്‍ രാവിലെ 10ന് കെസിവൈഎല്‍ പ്രസിഡന്റ് ജോയല്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധ കലാ-കായിക മത്സരങ്ങളും ഗെയിമുകളും അരങ്ങേറി. വ്യത്യസ്ത നിറങ്ങള്‍ പരസ്പരം പങ്കുവച്ച് സ്നേഹവും ഐക്യവും പങ്കുവച്ചു. സ്വാദിഷ്ഠമായ ബാര്‍-ബി-ക്യൂ പരിപാടിക്ക് ഊര്‍ജം നല്‍കി. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുപ്പതോളം യുവതിയുവാക്കള്‍ ഹോളി 2016ല്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ജോയല്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍