അമേരിക്കയില്‍ ചിത്രരചനാ മത്സരത്തില്‍ മലയാളി ബാലന്‍ വിജയിയായി
Thursday, April 28, 2016 7:08 AM IST
കൊച്ചി: അമേരിക്കയിലെ കാലാബസ് ലൈബ്രറി കമ്മീഷന്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി അജികുമാറിന്റെയും ആലുവ സ്വദേശി രാജേശ്വരി എന്‍. കൈമളിന്റെയും മകന്‍ ഹരിഗോവിന്ദ് വിജയിയായി.

കാലാബസിലെ ലുപിന്‍ ഹില്‍ എലമെന്ററി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് ഹരിഗോവിന്ദ്. കലിഫോര്‍ണിയായിലെ ലോസ്ആഞ്ചലസിനടുത്തുള്ള കാലാബസ് എന്ന ചെറുപട്ടണത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. അവിടുത്തെ പ്രദേശിക ഗ്രന്ഥാലയം പുറത്തിറക്കുന്ന ലൈബ്രറി കാര്‍ഡില്‍ ചേര്‍ക്കാനായുള്ള ചിത്രം തെരഞ്ഞെടുക്കാനാണു മത്സരം നടത്തിയത്.

അഞ്ചു മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലാണ് എട്ടുവയസുകാരന്‍ ഹരിഗോവിന്ദ് സമ്മാനം നേടിയത്. അഞ്ചു വയസുമുതല്‍ ഹരിഗോവിന്ദന്‍ ചിത്രരചന അഭ്യസിക്കുന്നുണ്ട്. ഇറാനിയന്‍ ചിത്രകാരി ഷഹ്നാസ് അഹ്മദ്പൂര്‍, എലിന ലോറന്‍സ് എന്നിവരില്‍ നിന്നാണ് ഹരിഗോവിന്ദ് ചിത്രകലാ അഭ്യസിക്കുന്നത്. അടുത്ത തവണ നാട്ടിലെത്തുമ്പോള്‍ ഹരിഗോവിന്ദിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് ഹരിഗോവിന്ദിന്റെ കുടുംബം.