കേരള സെന്റര്‍ വാര്‍ഷികാഘോഷം നടത്തി
Thursday, April 28, 2016 7:22 AM IST
ന്യൂയോര്‍ക്ക്: കേരള സെന്റര്‍ ഇരുപത്തിയാറാമത് വാര്‍ഷികം ഏപ്രില്‍ 23നു ആഘോഷിച്ചു. രാത്രി 7.30ന് ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡോ.സി.ആര്‍. ആനന്ദബോസ് മുഖ്യാതിഥിയായി പങ്കെടുത്തു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മധു ഭാസ്ക്കര്‍ സ്വാഗതം ആശംസിച്ചു.

ചടങ്ങില്‍ ഡോ. ആനന്ദബോസിന്റെ പുതിയ പുസ്തകം 'പാര്‍പ്പിടം' കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയതിന്റെ പ്രകാശനകര്‍മം പ്രഫ. സോമസുന്ദരന്‍, സെന്റര്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് തമ്പിക്കു നല്‍കി നിര്‍വഹിച്ചു. തുടര്‍ന്നു ആഘോഷക്കമ്മിറ്റി ഭാരവാഹി ഏബ്രഹാം തോമസ് യൂത്ത് വിംഗ് ഭാരവാഹികളെ സ്റേജിലേക്ക് ആനയിക്കുകയും അതിഥികളും ബോഡ് ചെയര്‍മാന്‍ മധുഭാസ്ക്കറും ചേര്‍ന്ന് ഓരോരുത്തര്‍ക്കും മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു. സെന്ററിന് ആശംസകള്‍ നേര്‍ന്നു സര്‍ഗവേദി പ്രസിഡന്റ് മനോഹര്‍ തോമസ്, ഡോ. എന്‍.പി.ഷീല, സെക്രട്ടറി ജിമ്മി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ലൊറേന്‍ വട്ടക്കളത്തിന്റെ ദേശീയഗാനാലാപനം കുമാരി ജയ്മി ഏബ്രഹാം പെരുമന്നിശേരിയുടെ പൂജാ നൃത്തം എന്നിവയ്ക്കുശേഷം ഫൌണ്ടര്‍ പ്രസിഡന്റ് ഇ.എം.സ്റീഫന്‍, വൈസ് പ്രസിഡന്റ് അലക്സ് എസ്തപ്പാന്‍ എന്നിവര്‍ അന്തരിച്ച പ്രഫ. എം.ടി. ആന്റണിയെ അനുസ്മരിച്ചു.

ഹിന്ദിയിലും മലയാളത്തിലുമുള്ള ലൊറേന്‍ വട്ടക്കുളത്തിന്റെ ഹൃദ്യമായ ഗാനാലാപവും ക്നാനായ സോഷ്യല്‍ ക്ളബ് അംഗങ്ങളുടെ ഫോക്ക് ഡാന്‍സും വിവിധ നൃത്തപരിപാടികളും കലാവിരുന്നായി. സെന്ററിന്റെ ഗാനകോകിലം ജയ്മി എബ്രഹാം ഹിന്ദി ഗാനമാലപിച്ചു.

കലാപരിപാടികള്‍ക്ക് ഏബ്രഹാം തോമസും സ്വീകരണ പരിപാടികള്‍ക്ക് ജയിംസ് തോട്ടവും നേതൃത്വം നല്‍കി.