ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: പ്രാര്‍ഥനാസമ്മേളനം നടത്തി
Thursday, April 28, 2016 7:25 AM IST
ബംഗളൂരു: യെമനില്‍ ഭീകരരുടെ പിടിയിലായ സലേഷ്യന്‍ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായും ആക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച സിസ്റ്റേഴ്സിനു വേണ്ടിയും മാണ്ഡ്യ രൂപതയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം ചേര്‍ന്നു. ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ നടന്ന പരിപാടിയില്‍ പ്രത്യേക ആരാധനയും ദിവ്യബലിയും ഉണ്ടായിരുന്നു. തുടര്‍ന്ന് ദേവാലയത്തിലെ ഗ്രോട്ടോയുടെ മുന്നില്‍ നിന്ന് ദേവാലയത്തിലേക്ക് മെഴുകുതിരി പ്രദക്ഷിണവും നടത്തി. മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍, വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, രൂപത ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.