ഷിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ ആചരിച്ചു
Friday, April 29, 2016 5:07 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ ഭക്തി പുരസരം ആചരിച്ചു. ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച രാവിലെ പത്തോടെ ലദീഞ്ഞോടുകൂടി ആരംഭിച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് റവ. ഫാ. ജോസ് ചിറപ്പുറത്ത് മുഖ്യകാര്‍മികനും റവ. ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍ സഹകാര്‍മികനുമായിരുന്നു. ജീവിതത്തിലെ വെല്ലുവിളികള്‍ പ്രാര്‍ഥനയിലൂടെയും വിശുദ്ധരുടെ മാധ്യസ്ഥം വഴിയും തരണം ചെയ്യുമ്പോള്‍ ജീവിത വിജയം കൈവരിക്കാനാകുമെന്നും പൈശാചിക ശക്തിയില്‍ നിന്നും രക്ഷനേടാന്‍ വിശ്വാസം മുറുകെ പിടിക്കണമെന്നും ബ്രസന്‍ അച്ചന്‍ തന്റെ വചന സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

മൂന്നാം നൂറ്റാണ്ടില്‍ മതപീഢന കാലത്ത് ഡയക്രിഷ്യന്‍ ചക്രവര്‍ത്തിക്കുമ്പില്‍ ക്രിസ്തീയ വിശ്വാസം പ്രഘോഷിച്ച രക്ത സാക്ഷിത്വം വരിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ജീവിതം മാതൃകയാക്കി ജീവിക്കണമെന്ന് അച്ചന്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, കഴുന്നെടുക്കല്‍, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ഇവകയിലെ 12 കുടുംബങ്ങളാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തിയത്. ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷകള്‍, ഗായക സംഘം, സിസ്റ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിളളവീട്ടില്‍