സിക്ക വൈറസ് : അമേരിക്കയിലെ ആദ്യ മരണം സ്ഥിരീകരിച്ചു
Saturday, April 30, 2016 4:33 AM IST
പുര്‍ട്ടൊറിക്കൊ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സിക്ക വൈറസ് വ്യാപകമാകുന്നതിനിടെ ഈ വൈറസ് മൂലമുളള അമേരിക്കയിലെ ആദ്യ മരണം പുര്‍ട്ടൊറിക്കൊയില്‍ സ്ഥിരീകരിച്ചതായി സെന്റേഴ്സ് ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

എഴുപത് വയസുളള രോഗി ഉദരത്തിനകത്തെ രക്തസ്രാവം മൂലമാണ് മരണമെടഞ്ഞത്. സിക്ക വൈറസ് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തിയെ ഇല്ലാതാക്കുകയും പ്ളേയ്റ്റ് ലെറ്റ് കൌണ്ട് വല്ലാതെ കുറയുകയും ചെയ്യുന്നതാണ് മരണത്തിന് കാരണമാകുന്നത്.

സിക്ക വൈറസ് കൂടുതല്‍ വ്യാപകമായിരിക്കുന്നത് ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ യുഎസ് അതിര്‍ത്തി പ്രദേശമായ പുര്‍ട്ടടറിക്കൊ എന്നിവിടങ്ങളിലാണെന്ന് സിഡിസി അറിയിച്ചു. സിക്ക വൈറസ് രോഗ ലക്ഷണങ്ങള്‍ പ്രകടമായ 6000 രോഗികളെ പരിശോധിച്ചതില്‍ 11 ശതമാനം (683) പേര്‍ക്ക് രോഗം സ്ഥിരികരിച്ചു.

സിക്ക വൈറസ് മൂലം മരണം സംഭവിക്കുന്നതു അപൂര്‍വ്വമാണെങ്കിലും രോഗലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടനെ അടുത്തുളള ആശുപത്രിയില്‍ പരിശോധന നടത്തേണ്ടതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനുളള നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍