ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം
Saturday, April 30, 2016 4:34 AM IST
ഫിലാഡല്‍ഫിയ: ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ്പള്ളി വികാരി റവ. ഫാ. ഷിബു വേണാട് മത്തായി ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കര കത്തോലിക്കാ പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് കോ ചെയര്‍മാനുമായി 2016- 17 ലേക്ക് എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. മാത്യുസാമുവേല്‍ സെക്രട്ടറിയും, കോശി വര്‍ഗീസ് ജോ. സെക്രട്ടറിയും, ബിജി ജോസഫ് ട്രഷററും ആയി തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍സ് ആയി റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ (റലിജിയസ്), ബിനു ജോസഫ് (കള്‍ച്ചറല്‍), ബെന്നി കൊട്ടാരത്തില്‍ (ഫണ്ട് റെയിസിംഗ് ആന്റ് ചാരിറ്റി), ദാനിയേല്‍ പി. തോമസ് (പബ്ളിസിറ്റി ആന്റ് സുവനീര്‍), ജോണ്‍ ഇടത്തില്‍ (യൂത്ത്), ബിനു ഷാജിമോന്‍, ഷേര്‍ലി ചാവറ (വിമന്‍സ് ഫോറം), തോമസ് എബ്രാഹം (ക്വയര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എം. എ. മാത്യു, ജോര്‍ജ് ഓലിക്കല്‍ എന്നിവരായിരിക്കും നടപ്പുവര്‍ഷത്തെ ആഡിറ്റര്‍മാര്‍. റവ. ഫാ. എം. കെ. കുര്യാക്കോസ്, ലൈലാ അലക്സ്, ചെറിയാന്‍ കോശി എന്നിവര്‍ നിയമാവലി പരിഷ്കരണ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും. ഒരു വര്‍ഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

ഒരു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ സെ. തോമസ് സീറോമലബാര്‍ ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 24 നു സെ. തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കൂടിയ ജനറല്‍ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. എക്യൂമെനിക്കല്‍ കൂട്ടായ്മയിലൂള്ള വിവിധ ഇടവകകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പൊതുയോഗത്തില്‍ സംബന്ധിച്ചിരുന്നു.

1987 ല്‍ ഏകദേശം 600 കൂടുംബങ്ങളുള്ള 10 ഇടവകകള്‍ ഒന്നിച്ചുചേര്‍ന്ന് ആരംഭിച്ച ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനം ഇന്ന് 21 ഇടവകകളും, 10,000 ല്‍ പരം കുടുംബങ്ങളുമായി ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രെെസ്തവ കൂട്ടായ്മയായി വളര്‍ന്നിരിക്കുന്നു. ക്രെെസ്തവസ്നേഹം വര്‍ധിപ്പിക്കുക, അംഗങ്ങള്‍ തമ്മില്‍ വര്‍ധിച്ച സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ത്തോമ്മാ, കാത്തലിക്, ഓര്‍ത്തഡോക്സ്, ജാക്കോബൈറ്റ്, സിഎസ്ഐ എന്നി ക്രിസ്റ്യന്‍ സമുദായങ്ങളിലെ ക്രാന്തദര്‍ശികളായ വൈദികരും അല്‍മായരും ഒത്തുചേര്‍ന്ന് ആരംഭിച്ച ഈ പ്രസ്ഥാനം കഴിഞ്ഞ മൂന്നുദശാബ്ദങ്ങളായി സമൂഹത്തിനു നല്‍കിയിരിക്കുന്ന സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.

എല്ലാ ഇടവക ദേവാലയങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഗോസ്പല്‍ കണ്‍വന്‍ഷന്‍, യുവജന ധ്യാനം, ബൈബിള്‍ കലോത്സവം, വനിതാ സെമിനാര്‍, സംയുക്ത ക്രിസ്മസ് ആഘോഷം, ആഗോളപ്രാര്‍ത്ഥനാദിനാചരണം എന്നിവയാണ് ഫെല്ലോഷിപ്പിന്റെ ഒരു പ്രവര്‍ത്തനവര്‍ഷത്തെ പ്രധാന പരിപാടികള്‍. പബ്ളിക് റിലേഷന്‍സ് ആന്റ് പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ദാനിയേല്‍ പി. തോമസ് അറിയിച്ചതാണീ വിവരങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍