എസ്എസ്എല്‍സി വിജയം: സജി സഹോദരിമാര്‍ക്കൊപ്പം ആഹ്ളാദത്തില്‍; ദൈവസ്തുതികള്‍ പാടി ഫാ. ബാബ
Monday, May 2, 2016 5:01 AM IST
ഡാളസ്: ബാല്യത്തില്‍ത്തന്നെ അനാഥത്വത്തിന്റെ കയ്പറിഞ്ഞ സജി, കേരള എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ തരക്കേടില്ലാത്ത വിജയവുമായി മുംബൈയിലെത്തി സഹോദരിമാര്‍ക്കൊപ്പം ആഹ്ളാദം പങ്കിട്ടു. സജിയുടെ വിജയത്തില്‍ സന്തുഷ്ടനായ വളര്‍ത്തുപിതാവ് ഫാ. ബാബ (ഫാ. ജോര്‍ജ് കാവുകാട്ട്) യാത്രയ്ക്കിടയില്‍ അമേരിക്കയിലെ ടെക്സസില്‍നിന്നു സജിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ബാല്യത്തിലെ തിക്താനുഭവങ്ങളും, തിരസ്കരണവും മൂലമുണ്ടായ അസ്ഥതകള്‍ മൂലം പല സംസ്ഥാനങ്ങളിലായി ആറോളം സ്കൂളുകളിലേക്ക് വളര്‍ത്തുമകനെ മാറ്റേണ്ടി വന്നു. അവസാനം ഔദാര്യപൂര്‍വം സജിയെ പരീക്ഷയ്ക്കിരുത്തിയ പീച്ചി ഗവണ്‍മെന്റ് ഹൈസ്കൂളിലെ പ്രധാനാധ്യാപകനും, സഹ അധ്യാപകര്‍ക്കും ഫാ. ബാബ നന്ദി അറിയിച്ചു.

പതിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ് അസല്‍ഗാവില്‍ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുമ്പോഴാണ് മുംബൈയിലെ തെരുവില്‍ അനാഥരായിത്തീര്‍ന്ന നാലു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ഫാ. ബാബയ്ക്ക് അഭ്യര്‍ഥന ലഭിച്ചത്. സ്നേഹിതരായ ശിവസേനാ നേതാക്കളുടെ ശിപാര്‍ശകൂടിയായപ്പോള്‍ സംരക്ഷണ ചുമതലയുടെ നടപടികള്‍ വേഗം പൂര്‍ത്തിയായി. കാവുകാട്ടച്ചന്റെ അഭ്യര്‍ത്ഥന മാനിച്ച് സജിയുടെ മൂന്നു സഹോദരിമാരുടേയും സംരക്ഷണം മുംബൈയിലെ സിസ്റേഴ്സ് ഏറ്റെടുത്തു. അവരില്‍ മൂത്ത രണ്ടുപേര്‍ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചു. പട്ടിണികൊണ്ടും മാരക രോഗംകൊണ്ടും അവശതയിലായിരുന്ന സജിയെ ഫാ. ബാബ തന്നെ പോറ്റി വളര്‍ത്തി. നല്ല പരിചരണം ലഭിച്ചപ്പോള്‍ ആരോഗ്യം വീണ്െടടുത്തു. സ്പോര്‍ട്സിലും സംഗീതത്തിലും അഭിരുചിയുള്ള സജി ഇനി മുംബൈയില്‍ സഹോദരിമാര്‍ക്കൊപ്പം താമസിച്ച് ജോലി ചെയ്ത് പഠനംതുടരാന്‍ ഒരുങ്ങുന്നു. ബെന്നി (ഡാളസ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം