രാജമാംഗല്യത്തിനൊരുങ്ങി മൈസൂരു കൊട്ടാരം
Monday, May 2, 2016 6:18 AM IST
മൈസൂരു: വര്‍ഷങ്ങള്‍ക്കു ശേഷം മൈസൂരു കൊട്ടാരം വീണ്ടും രാജമാംഗല്യത്തിനൊരുങ്ങുന്നു. മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറിന്റെ മാംഗല്യം ജൂണ്‍ 27നു നടക്കും. രാവിലെ 10.15നും 10.30നുമിടയിലാണ് മുഹൂര്‍ത്തം. കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ജ്യോതിഷികളാണ് ദിവസം നിശ്ചയിച്ചത്. രാജസ്ഥാന്‍ ദുംഗാര്‍പുര്‍ രാജകുടുംബത്തിലെ ഹൃഷിക കുമാരിയാണ് വധു. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് മുഹൂര്‍ത്തം നിശ്ചയിച്ചത്. ഇവരുടെ വിവാഹം ഒരുവര്‍ഷം മുമ്പുതന്നെ തീരുമാനിച്ചിരുന്നു. 40 വര്‍ഷത്തിനു ശേഷമാണ് മൈസൂരു കൊട്ടാരത്തില്‍ വിവാഹം നടക്കുന്നത്. പരമ്പരാഗതമായ രാജകീയ ചടങ്ങുകള്‍ അനുസരിച്ചായിരിക്കും വിവാഹം. ലോകത്തിലെ എല്ലാ രാജവംശങ്ങളെയും പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരെയും വിവാഹത്തിനു ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹ വോഡയാര്‍ അന്തരിച്ചതോടെയാണ് യദുവീര്‍ യുവരാജാവായത്. നരസിംഹ വൊഡയാറിന് മക്കളില്ലായിരുന്നതിനാല്‍ സഹോദരീപുത്രനായ യദുവീറിനെ ദത്തെടുത്ത് പിന്‍ഗാമിയാക്കുകയായിരുന്നു.