മേയ് ദിന റാലി അക്രമാസക്തമായി
Monday, May 2, 2016 6:28 AM IST
സിയാറ്റില്‍: വേതന വര്‍ധനയ്ക്കും ഡിപോര്‍ട്ടേഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു മേയ് ഒന്നിനു (ഞായര്‍) സിയാറ്റില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി.

പ്രകടനക്കാര്‍ പാറക്കല്ലുകളും സോഡാക്കുപ്പികളും ഇഷ്ടിക കഷണങ്ങളും കൊടികളും പോലീസിനുനേരെ വലിച്ചെറിഞ്ഞു. രണ്ടുപോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റതായും പ്രകടനത്തില്‍ നാലു പേരെ അറസ്റ് ചെയ്തതായും സിയാറ്റില്‍ പോലീസ് അറിയിച്ചു.

ഇതേസമയം കലിഫോര്‍ണിയ ലോസ് ആഞ്ചലസ് തെരുവീഥിയില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ പ്രകടനക്കാര്‍, ഒബാമ ഭരണകൂടത്തിന്റെ നടപടികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.

അനധികൃത കുടിയേറ്റക്കാര്‍ക്ക് അംഗീകാരം നല്‍കണമെന്നും തൊഴിലവകാശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സാന്‍ഫ്രാന്‍സിസ്കോയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പില്‍ മരിച്ച നിരവധി പേരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പല സംസ്ഥാനങ്ങളിലും മേയ്ദിനത്തില്‍ ശാന്തമായ തൊഴിലാളി പ്രകടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍