ആരാധനാലയങ്ങളെ ദുരന്താലയങ്ങളാക്കുന്ന ആചാരങ്ങളും ആഘോഷങ്ങളും ഒഴിവാക്കണം: സ്വാമി നാരായണ ഋഷി
Monday, May 2, 2016 8:16 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന പ്രഭാഷണം നടത്തവേ ഹിന്ദു ആചാരങ്ങളെ അനാചാരങ്ങളില്‍നിന്നും ദുരന്തപൂരിതമായ അന്തരീക്ഷത്തെ സൃഷ്ടിക്കുന്ന ആഘോഷങ്ങളില്‍നിന്നും മോചിപ്പിക്കുന്നതിനു ക്ഷേത്ര ഭരണം നിര്‍വഹിക്കുന്ന സംഘടനകളും വ്യക്തികളും തയാറാകണമെന്നു സ്വാമി നാരായണ ഋഷി ആവശ്യപ്പെട്ടു.

ഒരു നൂറ്റാണ്ട് മുമ്പേ കരിയും കരിമരുന്നും സമൂഹത്തിലെ ആഘോഷങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന ശ്രീനാരായണ ഗുരുദേവന്റെ കല്പനയെ ലോകം വേണ്ടവണ്ണം പ്രയോഗത്തില്‍ കൊണ്ടുവരാതിരിക്കുന്നതിന്റെ ദുരന്തഫലങ്ങള്‍ നമ്മുടെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുന്നതിനു ഇനിയെങ്കിലും കഴിയേണ്ടതാണ്. കൂടാതെ ആനകള്‍ വിരണ്േടാടി ഉണ്ടാകുന്ന ആപത്തുകളും മിണ്ടാപ്രാണികളായ സഹജീവികളോടു കരുണ കാണിക്കുന്ന തരത്തില്‍ ആഘോഷങ്ങളെ ആന എഴുന്നള്ളത്തില്ലാതെ നടത്തുന്നതിനും കഴിയണമെന്നും സ്വാമി പറഞ്ഞു.

ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭ്യമായിട്ടുള്ള ആഭരണങ്ങള്‍ വിറ്റ് വിദ്യാലയങ്ങളും ആതുരസംരക്ഷണ കേന്ദ്രങ്ങളും ഉണ്ടാക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കണം. ക്ഷേത്രങ്ങളിലെ സത് സംഗമങ്ങളില്‍ സത് ചിന്ത പങ്കുവയ്ക്കുന്നതിനും സത് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ഇച്ഛാശക്തിയുള്ളവരും രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശ്രീനാരായണ സമൂഹം മുന്‍കൈ എടുത്ത് ഉയര്‍ത്തിക്കാട്ടണമെന്നും സ്വാമി നാരായണ ഋഷി പറഞ്ഞു.

റിപ്പോര്‍ട്ട്: മനോജ് കല്ലറ