ഡിട്രോയ്റ്റ് സ്കൂള്‍ അധ്യാപകരുടെ സൂചനാ സമരം; വിദ്യാലയങ്ങള്‍ അടച്ചിട്ടു
Tuesday, May 3, 2016 5:25 AM IST
ഡിട്രോയ്റ്റ്: സമ്മറില്‍ അധ്യാപര്‍ക്കു ശമ്പളം നല്‍കുന്നതിനാവശ്യമായ തുക ലഭ്യമല്ല എന്ന ഡിട്രോയ്റ്റ് പബ്ളിക് സ്കൂള്‍ ട്രാന്‍സിഷന്‍ മാനേജരുടെ അറിയിപ്പില്‍ പ്രതിഷേധിച്ച് 1562 അധ്യാപകര്‍ തിങ്കളാഴ്ച സ്കൂളില്‍ ഹാജരാകാതെ വിട്ടുനിന്നു.

ഡിട്രോയ്റ്റ് ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്സ് ആണ് ഒരു ദിവസത്തെ സൂചനാ സമരത്തിനു ആഹ്വാനം നല്‍കിയത്. ജില്ലയിലെ 97 സ്കൂളുകളില്‍ 94 സ്കൂളുകളും അടച്ചതിനെ തുടര്‍ന്നു 45,000 വിദ്യാര്‍ഥികള്‍ക്കാണ് അധ്യയനം മുടങ്ങിയത്.

സംസ്ഥാനം 47.8 മില്യണ്‍ എമര്‍ജന്‍സി ഫണ്ടാണ് 46,000 വിദ്യാര്‍ഥികളുളള സ്കൂള്‍ സിസ്റം പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് മാര്‍ച്ചില്‍ അനുവദിച്ചിരുന്നത്. ജൂണ്‍ 30 വരെയുളള ചെലവുകള്‍ക്ക് ഈ സംഖ്യ വേണ്ടിവരുമെന്ന് യൂണിയന്‍ വക്താക്കള്‍ അറിയിച്ചു. ജൂണിനുശേഷം സമ്മറില്‍ ശമ്പളം നല്‍കുന്നതിന് ഇനിയും തുക അനുവദിക്കേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന നിയമസഭ വിദ്യാഭ്യാസ ജില്ലയുടെ മുഴുവന്‍ കടങ്ങളും വീട്ടുന്നതിനും 720 മില്യണ്‍ ഡോളര്‍ അനുവദിക്കുന്നതിനുളള ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നത്തെ സമരം ഒരു സൂചനയാണെന്നും തുടര്‍ന്നുളള സമര പരിപാടികളെക്കുറിച്ചു ചിന്തിക്കാന്‍ യൂണിയന്‍ നിര്‍ബന്ധിതമാകുമെന്നും യൂണിയന്‍ വക്താക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍