പ്രവാസി ഭാരതീയ ദിവസ്: 3,000 പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കും
Tuesday, May 3, 2016 5:28 AM IST
ബംഗളൂരു: അടുത്ത വര്‍ഷം ബംഗളൂരു വേദിയാകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ മൂവായിരത്തോളം വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കും. ജനുവരി ഏഴു മുതല്‍ ഒമ്പതു വരെയാണ് സമ്മേളനം. ഇതുമായി ബന്ധപ്പെട്ട് വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നഗരത്തിലെത്തി വ്യവസായമന്ത്രി ആര്‍.വി. ദേശ്പാണ്ഡെയുമായി കൂടിക്കാഴ്ച നടത്തി. സമ്മേളന വേദിയുടെ കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവയ്ക്കു പരിഹാരം കാണുന്നതിനുമായാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്. ജനുവരി ഏഴിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പങ്കെടുക്കുന്ന സംവാദ പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍വഹിക്കും. എട്ടിന് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

സെമിനാറുകള്‍, പ്രദര്‍ശനം, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.