മോണ്‍. കുര്യന്‍ വയലുങ്കല്‍ പപ്പുവ ന്യൂഗിനിയയുടെ വത്തിക്കാന്‍ സ്ഥാനപതി
Tuesday, May 3, 2016 5:53 AM IST
കോട്ടയം: മോണ്‍. കുര്യന്‍ വയലുങ്കലിനെ റാസിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായും പപ്പുവ ന്യൂഗിനിയയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോട്ടയം അതിരൂപതയിലെ വൈദികനായ അദ്ദേഹം 1998 മുതല്‍ വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു. മെത്രാഭിഷേക തീയതി പിന്നീട് തീരുമാനിക്കും.

കോട്ടയം നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി. മത്തായി-അന്നമ്മ ദമ്പതികളുടെ പുത്രനായ മോണ്‍. വയലുങ്കല്‍ തിരുഹൃദയക്കുന്ന് സെന്റ് സ്റനിസ്ളാവൂസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി. 1991 ഡിസംബര്‍ 27ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍നിന്നു വൈദിക പട്ടം സ്വീകരിച്ച മോണ്‍. വയലുങ്കല്‍ രാജപുരം, കള്ളാര്‍, എന്‍ആര്‍സിറ്റി, സേനാപതി പള്ളികളില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്.

റോമിലെ സാന്താക്രോചെ സര്‍വകലാശാലയില്‍നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും വത്തിക്കാന്‍ നയതന്ത്ര അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഗിനിയ, ദക്ഷിണ കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്, ബംഗ്ളാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തു. 2001-ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011 ല്‍ പ്രിലേറ്റ് ഓഫ് ഓണര്‍ പദവിയും ലഭിച്ചിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനു ശേഷമുള്ള വത്തിക്കാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മോണ്‍. വയലുങ്കല്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൌണ്‍സിലറായി ശുശ്രൂഷ ചെയ്തു വരവെയാണ് മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ സ്ഥാനപതിയായി ഉയര്‍ത്തിയത്.

കോട്ടയം ക്രിസ്തൂരാജ കത്തീഡ്രലില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30നു നടന്ന പ്രാര്‍ഥനാ ശുശ്രൂഷാ മധ്യേ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുതിയ നിയമനം അറിയിച്ചു. ഭാരതത്തിലെ വിവിധ രൂപതകളില്‍ പ്രേഷിത ദൌത്യത്തില്‍ പങ്കുചേരുവാന്‍ നാല് മെത്രാന്മാരെ ഇതിനോടകം സംഭാവന ചെയ്തിട്ടുള്ള കോട്ടയം അതിരൂപതയ്ക്ക് മോണ്‍. വയലുങ്കലിന്റെ പുതിയ നിയമനത്തില്‍ അതിയായ സന്തോഷമുണ്െടന്ന് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ഈ ദൌത്യത്തിനായി മോണ്‍. വയലുങ്കലിനെ തെരഞ്ഞെടുത്ത പരിശുദ്ധ സിംഹാസനത്തിന് അദ്ദേഹം നന്ദി പറയുകയും പുതിയ ഇടയന് കോട്ടയം അതിരൂപതയുടെ പ്രാര്‍ഥനാശംസകള്‍ നേരുകയും ചെയ്തു.

കാരുണ്യവര്‍ഷത്തില്‍ കോട്ടയം അതിരൂപതയ്ക്ക് മാര്‍പാപ്പ നല്‍കിയ വലിയ സമ്മാനമാണ് മോണ്‍. വയലുങ്കലിന്റെ സ്ഥാനമെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ബംഗ്ളാദേശിലെ വത്തിക്കാന്‍ സ്ഥാനപതി മാര്‍ ജോര്‍ജ് കോച്ചേരി പറഞ്ഞു. കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപതയിലെ വൈദിക-സന്യസ്ത അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.