മൈസൂരുവില്‍ മൂന്നു മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ കൂടി
Thursday, May 5, 2016 5:55 AM IST
ബംഗളൂരു: നഗരത്തില്‍ മൂന്നു മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു. കെസര, രായന്‍കരൈ, വിദ്യാരണ്യപുര എന്നിവിടങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

മാലിന്യസംസ്കരണ കേന്ദ്രങ്ങളുടെ നിര്‍മാണത്തിന് ഓരോന്നിനും 20 കോടി മുതല്‍ 35 കോടി വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.നഗരത്തില്‍ ദിനംപ്രതി ഏകദേശം 450 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്െടന്നാണ് കണക്ക്. എന്നാല്‍, ഇതു മുഴുവന്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ മാലിന്യം പൂര്‍ണമായി സംസ്കരിക്കാനുള്ള സംവിധാനം ആരംഭിക്കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ ബി.എല്‍, ഭൈരപ്പ പറഞ്ഞു. മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനികളും താത്പര്യമറിയിച്ച് കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്.