നിയമലംഘനം: ഓണ്‍ലൈന്‍ കാബുകള്‍ പിടിച്ചെടുത്തു
Thursday, May 5, 2016 5:56 AM IST
ബംഗളൂരു: മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ ഒല, യൂബര്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ നൂറോളം കാബുകള്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. യശ്വന്തപുര, മേഖ്രി സര്‍ക്കിള്‍, ഹെബ്ബാള്‍, നാഗവാര എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കാബുകള്‍ പിടിച്ചെടുത്തത്.

പുതിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള ലൈസന്‍സ് ഇല്ലാതെയും മതിയായ രേഖകളില്ലാതെയും സര്‍വീസ് നടത്തുന്ന വാഹനങ്ങളാണ് പരിശോധനയില്‍ പിടികൂടിയത്. ഓണ്‍ലൈന്‍ കാബുകള്‍ ഇതുവരെ ലൈസന്‍സിന് അപേക്ഷ നല്കിയിട്ടില്ലെന്നാണ് ഗതാഗത വകുപ്പ് ആരോപിക്കുന്നത്.

ഏപ്രില്‍ രണ്ടിനാണ് രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ടാക്സികളുടെ സര്‍വീസിനുള്ള നിയമം നിലവില്‍ വന്നത്. ഇതുപ്രകാരം എസി കാബുകളില്‍ കിലോമീറ്ററിന് 19.50 രൂപയും മറ്റു കാബുകളില്‍ കിലോമീറ്ററിന് 14.50 രൂപയുമാണ് യാത്രക്കാരില്‍ നിന്ന് പരമാവധി ഈടാക്കാവുന്നത്.