ഭൂഗര്‍ഭപാതയിലൂടെ മെട്രോ എത്തി
Friday, May 6, 2016 6:49 AM IST
ബംഗളൂരു: കാത്തിരിപ്പിനൊടുവില്‍ ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ ബംഗളൂരുവില്‍ സര്‍വീസ് ആരംഭിച്ചു. കബണ്‍ പാര്‍ക്ക് മുതല്‍ സിറ്റി റെയില്‍വേ സ്റേഷന്‍ വരെയുള്ള 4.8 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയില്‍ ഇന്നലെ രാവിലെ ആറിനാണ് വാണിജ്യ സര്‍വീസ് ആരംഭിച്ചത്. രാത്രി പത്തു വരെ പത്തു മിനിറ്റ് ഇടവിട്ട് ഈ പാതയിലൂടെ മെട്രോ സര്‍വീസ് നടത്തും. ബയപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് വരെയുള്ള 17 സ്റ്റേഷനുകളില്‍ കബണ്‍ പാര്‍ക്ക്, വിധാന്‍ സൌധ, വിശ്വേശരയ്യ, മജെസ്റിക്, സിറ്റി റെയില്‍വേ സ്റേഷന്‍ എന്നിവയാണ് ഭൂഗര്‍ഭ സ്റ്റേഷനുകള്‍.

വെള്ളിയാഴ്ച വിധാന്‍ സൌധ ഭൂഗര്‍ഭ സ്റേഷനു സമീപം നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്നാണ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്. കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍, മന്ത്രിമാരായ ആര്‍.വി. ദേശ്പാണ്ഡെ, റോഷന്‍ ബെയ്ഗ്, കെ.ജെ. ജോര്‍ജ്, ദിനേഷ് ഗുണ്ടറാവു, ആഞ്ജനേയ, കോര്‍പറേഷന്‍ മേയര്‍ മഞ്ജുനാഥ റെഡ്ഡി, എന്‍.എ. ഹാരിസ് എംഎല്‍എ, ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നമ്മ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിനായി 26,405 കോടി രൂപ ചെലവ് വരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2020ഓടെ രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്യാനാകുമെന്നാണു കരുതുന്നതെന്നും മൂന്നാം ഘട്ടത്തിന്റെ സര്‍വേ നടന്നുകൊണ്ടിിരിക്കുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി ഭൂഗര്‍ഭ മെട്രോ ഉദ്ഘാടനം ചെയ്യവേ അറിയിച്ചു.

ഭൂഗര്‍ഭപാതയില്‍ മെട്രോ ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 38 മുതല്‍ 40 വരെ കിലോമീറ്ററായിരിക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയും സ്റ്റേഷനുകള്‍ തമ്മിലുള്ള അകലം കണക്കിലെടുത്തുമാണ് ട്രെയിനിന്റെ വേഗം നിശ്ചയിച്ചിരിക്കുന്നത്. ബയപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് വരെയുള്ള 18.30 കിലോമീറ്റര്‍ 40 മിനിറ്റ് കൊണ്ട് എത്തിപ്പെടാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അത്യാധുനിക സൌകര്യങ്ങളാണ് ഭൂഗര്‍ഭപാതയില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ജീവനക്കാര്‍ക്കു നല്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരെ എളുപ്പം പുറത്തിറക്കുന്നതിനായി നിരവധി അടിയന്തര വാതിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീപിടിക്കാത്ത സാധനങ്ങള്‍ ഉപയോഗിച്ചാണ് സ്റ്റേഷന്റെ നിര്‍മാണം. ഭൂചലനത്തെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്കായി ഇളവുകള്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡും ലഭ്യമാക്കിയിട്ടുണ്ട്. കിഴക്കുപടിഞ്ഞാറ് ഇടനാഴി യാത്രയ്ക്കു തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട്കാര്‍ഡ് നിരക്കില്‍ 25 ശതമാനം വരെ ഇളവ് അനുവദിക്കും. കാര്‍ഡിന് 50 രൂപയാണ് നിരക്ക്.

ഈ കാര്‍ഡ് ഉപയോഗിച്ച് മെട്രോയുടെ ഏതു റൂട്ടിലും യാത്ര ചെയ്യാവുന്നതാണ്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം കാര്‍ഡ് റീചാര്‍ജ് ചെയ്യാവുന്നതാണ്.

നമ്മ മെട്രോയുടെ ആദ്യഘട്ടത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാതയാണ് കിഴക്കുപടിഞ്ഞാറ് ഇടനാഴി. മെട്രോയുടെ ആദ്യഘട്ടത്തില്‍ 42.3 കിലോമീറ്റര്‍ പാതയാണ് ഉള്‍പ്പെടുന്നത്.

ഇതില്‍ 24.2 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വടക്കുതെക്ക് ഇടനാഴിയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഈ പാതയില്‍ ഉള്‍പ്പെടുന്ന നാഗസാന്ദ്ര മുതല്‍ സാംബിഗെ റോഡ് വരെയുള്ള പാതയില്‍ നിലവില്‍ മെട്രോ സര്‍വീസ് നടത്തുന്നുണ്ട്.