സിഡ്നി മലയാളി അസോസിയേഷന്‍ നാല്പതാം വാര്‍ഷികം ആഘോഷിച്ചു
Friday, May 6, 2016 6:51 AM IST
സിഡ്നി: സിഡ്മല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിഡ്നി മലയാളി അസോസിയേഷന്‍ അതിന്റെ നാല്പതാമത് വാര്‍ഷികം സിഡ് മല്‍ റൂബി ഫെസ്റ് ഏപ്രില്‍ 23നു (ശനി) വൈകുന്നേരം വെന്റ്വര്‍ത്വില്ലിലെ റെഡിഗം കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വിശിഷ്ടാതിഥികളായിരുന്ന ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വന്‍ലാല്‍വാവ്ന, ഫെഡറല്‍ പാര്‍ലമെന്റ് മെംബര്‍ മിഷേല്‍ റോളണ്ട്, സംസ്ഥാന എംപി മാരായ ഡോ. ജിയോഫ് ലീ, പ്രീമിയര്‍ മൈക് ബെയ്ഡീനെ പ്രതിനിധീകരിച്ച് പീറ്റര്‍ പ്രിം റോസ്, പ്രതിപക്ഷ നേതാവ് ലൂക്ക് ഫോലിയെ പ്രതിനിധീകരിച്ച് മാര്‍ക്ക് ടെയ്ലര്‍, മള്‍ട്ടി കള്‍ചറല്‍ ആന്‍ഡ് എത്നിക് കമ്യൂണിറ്റീസ് ചെയര്‍പേഴ്സണ്‍ ഡോ. ജി.കെ. ഹരിനാഥ്, യുഐഎ പ്രസിഡന്റ് ജോണ്‍ കെന്നഡി എന്നിവരും സിഡ്നി മലയാളി അസോസിയേഷന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ഉഷ മാത്യു, സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസ് എന്നിവരും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബാബു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്നു സംസാരിച്ചവര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ശ്ളാഘിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

എച്ച്എസ്സി പരീക്ഷയില്‍ വളരെ ഉയര്‍ന്ന മാര്‍ക്കുവാങ്ങിയ വിദ്യാര്‍ഥികലായ സരൂപ് ഫിലിപ്പ്, അരുണ്‍ സത്യന്‍, ആന്‍ഡ്രു ആന്റണി, ഹര്‍ഷ സുരേഷ്, ക്രിസ് ജോഷി, ശ്രുതി മെറിന്‍ സാബു എന്നിവരെയും അവരുടെ മാതാപിതാക്കളേയും ചടങ്ങില്‍ ആദരിച്ചു. മലയാള ഭാഷയ്ക്ക് ചെയ്യുന്ന വിലപ്പെട്ട സേവനങ്ങള്‍ പരിഗണിച്ച് ബാലകൈരളി മലയാളം സ്കൂളിനുള്ള അവാര്‍ഡ് ചടങ്ങില്‍ സമ്മാനിച്ചു. മലയാളി സമൂഹത്തിലെ യുവ ബിസിനസുകാരനുള്ള പ്രത്യേക അവാര്‍ഡ് ജാക് ചെമ്പരിക്കായ്ക്ക് സമ്മാനിച്ചു. സിഡ്നി മലയാളിസമൂഹത്തിനു ചെയ്തിട്ടുള്ള സേവനങ്ങളെ മുന്‍നിര്‍ത്തി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.

നാല്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം സ്മരണിക കമ്മിറ്റി അംഗമായ ജയിംസ് ചാക്കോയുടെയും അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസിന്റേയും സാന്നിധ്യത്തില്‍ സ്മരണിക കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ ജേക്കബും എഡിറ്റര്‍ ജേക്കബ് തോമസും ചേര്‍ന്ന് ആദ്യ പ്രതി മിഷേല്‍ റോളണ്ട് എംപിക്കു നല്‍കി നിര്‍വഹിച്ചു. ജേക്കബ് തോമസ് സ്മരണികയുടെ ഉള്ളടക്കത്തെക്കുറിച്ചു സംസാരിച്ചു.

തുടര്‍ന്നു സിഡ്നിയിലെ വിവിധ പ്രദേശിക കൂട്ടായ്മകളില്‍പ്പെട്ട കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി. ടോമി മംഗലത്തില്‍, ജേക്കബ് തോമസ്, രശ്മി കൃഷ്ണന്‍, ഡാലി ടോമി, ലിജോ ഡെന്നീസ് എന്നിവര്‍ തയാറാക്കിയ ലഘു ഡോക്യുമെന്ററി അരങ്ങേറി. ടോമി മംഗലത്തില്‍ രചിച്ച് ലിജോ ഡെന്നീസ് സംഗീതം നല്‍കി സിഡ്നി മലയാളി സമൂഹത്തിലെ പ്രഗത്ഭരായ ഗായികാഗായകന്മാര്‍ ജൂബിലി ഗാനം ആലപിച്ചു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: വര്‍ഗീസ് മംഗലത്തില്‍