ടാക്സിയില്‍ യാത്ര ചെയ്യാം; സാധനങ്ങളും വാങ്ങാം
Sunday, May 8, 2016 6:50 AM IST
മൈസൂരു: നഗരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി തങ്ങള്‍ സഞ്ചരിക്കുന്ന ടാക്സിയില്‍നിന്നു തന്നെ സാധനങ്ങള്‍ വാങ്ങാം. മൈസൂരു ട്രാവല്‍ മാര്‍ട്ടിന്റെയും മൈസൂരു ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്റെയും(എംടിഎ) മൈസൂരു ജില്ലാ ടൂറിസ്റ് വെഹിക്കിള്‍ ഡ്രൈവേഴ്സ് ആന്‍ഡ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ണാടക വിനോദസഞ്ചാര വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. മൈസൂരുവിന്റെ തനതു കരകൌശല ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്.

ഷോപ്പിംഗ് ഓണ്‍ വീല്‍സ് എന്ന പദ്ധതി പ്രകാരം, ടാക്സിയില്‍ കയറുന്ന സഞ്ചാരികള്‍ക്ക് വാഹനത്തിനുള്ളില്‍ നിന്നുതന്നെ കരകൌശല സാധനങ്ങള്‍ വാങ്ങാം. അംബാവിലാസ് കൊട്ടാരം, ക്ളോക്ക് ടവര്‍, കെആര്‍ സര്‍ക്കിള്‍, ജംബോ സവാരി തുടങ്ങിയവയുടെ മാതൃകകളും ഗന്ദഭേരുന്ദ കീചെയിന്‍, എലഫന്റ് കീചെയിന്‍, അമ്പാരി, വീണ തുടങ്ങിയ ചെറുകരകൌശലവസ്തുക്കളും ലഭ്യമാക്കും. റോയല്‍ മൈസൂരു ട്രഷര്‍ എന്ന പേരിലുള്ള പായ്ക്കായാണ് ഇവ വില്ക്കുന്നത്.

പ്രാദേശിക കലാകാരന്മാരും ചെറുകിട കരകൌശല വിദഗ്ധരും നിര്‍മിച്ച വസ്തുക്കളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ഈ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനും സൌകര്യമുണ്ട്. ഓര്‍ഡര്‍ നല്കിയാല്‍ വിനോദസഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലിലോ താമസസ്ഥലത്തോ കൊറിയറായി ഇവ എത്തും.

മുന്‍മന്ത്രി എസ്.എ. രാമദാസാണ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് സാധനങ്ങള്‍ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൈസൂരു ട്രാവല്‍ മാര്‍ട്ട് ചെയര്‍മാന്‍ ബി.എസ്. പ്രശാന്ത്, എംടിഎ പ്രസിഡന്റ് സി.എ. ജയകുമാര്‍, വിഷന്‍ ഗ്രൂപ്പ്-എംടിഎ സ്ഥാപകന്‍ മുരളി കോന റെഡ്ഡി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി ടാക്സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്കിയിരുന്നു.