ഷിക്കാഗോ സ്റാര്‍സ് നൈറ്റ് 2016 സ്റ്റേജ് ഷോ ഉജ്വലവിജയം
Tuesday, May 10, 2016 5:00 AM IST
ഷിക്കാഗോ: നടന, നാട്യ, സംഗീത, ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കി, ഷിക്കാഗോയിലെ കലാസ്നേഹികള്‍ക്കായി, ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ പള്ളി വികാരി ഫാ. എബ്രാഹം മുത്തോലത്ത്, എന്റര്‍റ്റൈന്‍മെന്റ് കോര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി, ടീമംഗങ്ങളായ റ്റോമി കുന്നശേരിയില്‍, സുനില്‍ കോയിത്തറ എന്നിവരുടെ നേതൃത്വത്തില്‍, ഷിക്കാഗോയുടെ സ്വന്തം കലാപ്രതിഭകളും, മുന്‍തെന്നിന്ത്യന്‍ നായികയും, പ്രശസ്ത നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയും ചേര്‍ന്നവതരിപ്പിച്ച ഷിക്കാഗോ സ്റാര്‍സ് നൈറ്റ് സ്റ്റേജ് ഷോ ഉജ്വലവിജയം കൈവരിച്ചു. മെയ് ഏഴിനു ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളില്‍ അരങ്ങേറിയ ഷോ , നോര്‍ത്ത് അമേരിക്കയിലെ ഫണ്ട് റൈസിംഗ് പരിപാടികളില്‍, സ്വന്തം കലാകാരന്മാരെ അണിനിരത്തി വിജയിച്ച ഒരു സമ്പൂര്‍ണ സ്റേജ് ഷോ എന്ന ഖ്യാതിയോടെ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.

വൈകുന്നേരം താഫ്റ്റ് ഹൈസ്കൂളില്‍ കൂടിയ നൂറു കണക്കിനു ജനങ്ങളാണ് ഷിക്കാഗോയുടെ സ്വന്തം കലാകാരന്മാരുടെ സ്റ്റേജ് ഷോ കാണാന്‍ എത്തിയത്. തിരുഹൃദയ ക്നാനായ ഫൊറോനാ ഇടവക പിആര്‍ഒ ബിനോയി കിഴക്കനടിയുടെ സ്വാഗതത്തോടെയാണു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു വികാരിയച്ചനോടൊപ്പം, അസി. വികാരി. ഫാ. ജോസ് ചിറപ്പുറത്ത്, മദര്‍ സി. സേവ്യര്‍, എന്റെര്‍റ്റൈന്മെന്റ് കോ-ഓര്‍ഡിനേറ്റേഴ്സ്, പിആര്‍ഒ, പ്രമുഖ സിനിമാ നടി ദിവ്യാ ഉണ്ണി, കൈക്കരന്മാരായ തോമസ് നെടുവാമ്പുഴ, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുര ഫൈനാന്‍സ് ടീം കോര്‍ഡിനേറ്റേഴ്സായ കുര്യന്‍ നെല്ലാമറ്റം, മാത്യു ഇടിയാലി, കുഞ്ഞുമോന്‍ നെടിയകാല, മോളമ്മ തൊട്ടിച്ചിറ, മെഗാസ്പോണ്‍സര്‍ ജോസ് & ഗീതമ്മ താഴത്ത്വെട്ടത്ത്, ഡോക്ടര്‍മാരായ സജി & മാഗി തലക്കല്‍, ഗ്രാന്റ് സ്പോണ്‍സര്‍ ജോയി & മോളമ്മ നെടിയകാല എന്നിവരുടേയും സാന്നിധ്യത്തില്‍, ക്നാനായ റീജിയന്‍ വികാരി ജെനറാള്‍ മോണ്‍: തോമസ് മുളവനാല്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം അറുപതില്‍പ്പപരം കലാപ്രതിഭകള്‍ അണിനിരന്ന ഈ കലാവിരുന്ന് ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെയാണെന്നത് സ്റേജ് ഷോയുടെ മാറ്റുകൂട്ടി. സുനിയുടെ കീബോര്‍ഡും, ഷിബുവിന്റെ ഫ്ളൂട്ടും, ലാല്‍ജിയുടെ തബലയും, ജിജിയുടെ ട്രിപ്പിള്‍ ഡ്രമ്മും, എബിന്റെ റിദം പാഡും, ബൈജുവിന്റേയും ജില്‍സണിന്റേയും ഗിത്താറും കൂടിച്ചേര്‍ന്നുണര്‍ത്തിയ ഒരു മാസ്മരികലോകം, കാണികളെ പുളകം കൊള്ളിച്ചു.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ ഉണ്ടായ പ്രളയത്തെ അനുസ്മരിച്ചുകൊണ്ട് മഴ എന്ന വിഷയത്തെ ആസ്പദമാക്കി, ഷിക്കാഗോയിലെ പ്രമുഖ നൃത്താധ്യാപിക ജിനൂ വര്‍ഗീസ് ചിട്ടപ്പെടുത്തിയ സംഘ നൃത്തമായിരുന്നു പരിപാടിയിലെ ഓപ്പണിംഗ് ഡാന്‍സ്. ഭൂമിക്കു മേല്‍ മനുഷ്യന്‍ നടത്തുന്ന കടന്നു കയറ്റങ്ങളും, പ്രകൃതിയുടെ പ്രതികരണവും വരച്ചുകാട്ടിയ നൃത്തത്തില്‍ ഇടവകയിലെ കുട്ടികള്‍ മനോഹരമായി ചുവടു വച്ചു.

സജി മാലിത്തുരുത്തേല്‍, ഷാബിന്‍ കുരുട്ടുപറമ്പില്‍, ലിഡിയ സൈമണ്‍ എന്നിവര്‍ ഭക്തിഗാനങ്ങളില്‍ തുടങ്ങി, കലഭാവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ സഹിതം മലയാള ഹിന്ദി തമിഴ് സിനിമകളിലെ പല കാലഘട്ടങ്ങളിലൂടെ, കാണികളെ ആസ്വാദനത്തിന്റെ മധുര സ്മരണകളിലൂടെ കൊണ്ടുപോയി. പല ഗാനങ്ങള്‍ക്കും അകമ്പടിയായി നടന നാട്യ നൃത്ത രംഗങ്ങള്‍ കൂടി സ്റ്റേജില്‍ പുനരാവിഷ്ക്കരിച്ചുകൊണ്ട് തികച്ചും വ്യതസ്തമായ ഒരു അനുഭൂതി പകര്‍ന്നു നല്‍കുവാന്‍ സാധിച്ചു. തിരുഹൃദയ ഫൊറോനാ ദൈവാലയത്തില്‍ നിരവധി വ്യത്യസ്തകലാരൂപങ്ങള്‍ അവതരിപ്പിച്ച രഞ്ചിത കിഴക്കനടിയും, ശ്രദ്ധേയമായ ഒട്ടനവധി നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ ടോമി കുന്നശ്ശേരിയിലും, തനതായ അനേക വേഷങ്ങള്‍ അവതരിപ്പിച്ച് ഷിക്കാഗോയുടെ ബെസ്റ് ആക്ടര്‍ എന്ന ബഹുമതി നേടിയ സുനില്‍ കോയിത്തറയും ഒരുമിച്ച്ചേര്‍ന്നാണ് ഈ സ്റ്റേജ് ഷോ സംവിധാനം ചെയ്തത്. സംവിധാനത്തിന് പുറമേ പല വേഷങ്ങളിലായി സ്റ്റേജിലെത്തി കാണികളെ അമ്പരപ്പിക്കുകയും ചെയ്തു.

ജയിംസ് പുത്തന്‍പുരയിലും, ഡെന്നി പുല്ലാപ്പള്ളിയും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സ്കിറ്റ് പുതിയ തലമുറയിലെ കുടുംബ ബന്ധങ്ങളുടെ യാഥാര്‍ത്ഥ്യം വരച്ചുകാട്ടുക മാത്രമല്ല, തികച്ചും കാലിക പ്രസക്തവുമായിരുന്നു. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ഭയ, സൌമ്യ, ജിഷ എന്നിവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച സ്കിറ്റ്, കാണികളെ ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ലൈവ് ഓര്‍ക്കസ്ട്രായോടൊപ്പം ലൈവായുള്ള ഗാനാലാപനം കൂടി ഉള്‍പ്പെടുത്തി കൊണ്ട് അരങ്ങില്‍ തിമിര്‍ത്താടിയ സുപ്രസിദ്ധ ലുങ്കി ഡാന്‍സ്, ചിന്നു തോട്ടത്തിന്റെ നേതൃത്വത്തില്‍ അരങ്ങില്‍ എത്തിയപ്പോള്‍ ആവേശം അണപൊട്ടി.

പരിപാടിയുടെ സമാപനത്തില്‍, ഷിക്കാഗോ സ്റാര്‍സ് നൈറ്റില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരും വേദിയില്‍ അണിനിരന്ന് അവതരിപ്പിച്ച ഗ്രാന്‍ഡ് ഫിനാലെ, കാണികളുടെ പ്രശംസ വീണ്ടും ഏറ്റുവാങ്ങി. ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ വികാരി. ഫാ. എബ്രഹാം മുത്തോലത്ത്, എന്റെര്‍റ്റൈന്മെന്റ് ടീമംഗങ്ങള്‍, ഇടവക ട്രസ്റിമാര്‍, പി. ആര്‍. ഒ., ഫൈനാന്‍സ് ടീം അംഗങ്ങള്‍, കൂടാര യോഗം കണ്‍വീനേഴ്സ് തുടങ്ങി ഏവരും പരിപാടികള്‍ വിജയമാക്കുവാന്‍ ആദ്യാവസാനം മത്സരിച്ചു സഹകരിച്ചു. ഈ പരിപാടി വിജയകരമായി നടത്തി എന്നുള്ളത് ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്റെയും വിജയമാണ് എന്നതില്‍ സംശയമില്ല.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി