കെഎന്‍എസ്എസ് ഹാള്‍ ഉദ്ഘാടനം ചെയ്തു
Friday, May 13, 2016 3:36 AM IST
ബംഗളൂരു: കെഎന്‍എസ്എസ് കരയോഗത്തിന്റെ പുതുതായി നിര്‍മിച്ച റൂഫ്ടോപ്പ് ഹാളിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ടി. ദാസ് അധ്യക്ഷത വഹിച്ചു.

മുന്‍ ചെയര്‍മാനും മന്നം ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ എന്‍. ശിവരാമന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി ആര്‍. മനോഹരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. ഗോപാലകൃഷ്ണന്‍, ജി.കെ. കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സര്‍ക്കാരിന്റെ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കരയോഗത്തില്‍ വച്ചു നടന്ന മലയാളം ക്ളാസ് വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അധ്യാപകരായ തങ്കച്ചന്‍ പന്തളം, സി.എച്ച്. പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

യുവജനവിഭാഗമായ ജ്വാലയുടെ നേതൃത്വത്തില്‍ വിഷുക്കണിയൊരുക്കല്‍ മത്സരവും നടത്തി. മത്സരത്തില്‍ നിര്‍മല രഘുവും സംഘവും ഒന്നാം സമ്മാനം കരസ്ഥമാക്കി.

നേഹ രഘുരാജനും സംഘവും രണ്ടാം സമ്മാനവും അശ്വതിയും സംഘവും മൂന്നാം സമ്മാനവും നേടി. എംഎംഇസിടി, അയ്യപ്പ ചാരിറ്റബിള്‍ ട്രസ്റ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദരിദ്രകുടുംബത്തിലെ ഓരോ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠനച്ചെലവ് കരയോഗം ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചു. യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും തുടര്‍ന്ന് സദ്യയും ഒരുക്കിയിരുന്നു. സെക്രട്ടറി ശ്രീകുമാര്‍ കുറുപ്പ്, ട്രഷറര്‍ ഇ. ജയരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.